ചില സിനിമകളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ക്രൂരതയുടേയും പൈശാചികതയുടേയും അങ്ങേയറ്റം ചില സിനിമകളില്‍ കാണുന്നു. സിനിമ ആണെങ്കിലും നല്‍കേണ്ടത് മനുഷ്യനന്മ ലക്ഷ്യമിടുന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 2022– 23 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണ ചടങ്ങിലായിരുന്നു പരാമര്‍ശം.
‘ടെലിവിഷൻ പരിപാടികൾ ഒരു ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. കലയുടെ പേരിൽ ചില വ്യാജ നിർമിതികൾ ഉണ്ട്. അത്തരം ചിലത് വിഷം തീണ്ടുന്നു. ടെലിവിഷൻ പരിപാടികളുടെ നിലവാര തകർച്ച ജൂറികൾ ചൂണ്ടിക്കാട്ടിയിരുന്നു. വർത്തമാന സാഹചര്യത്തിൽ ചില സിനിമകളെ കുറിച്ചും ആശങ്കയുണ്ട്. ക്രൂരതയുടെയും പൈശാചികതയുടെയും അങ്ങേയറ്റം ചില സമകാലീന സിനിമകളിൽ കാണുന്നു. നമ്മുടെ സ്വീകരണ മുറികളിലേക്ക് അനുവാദം കൂടാതെ കടന്നുവരുന്ന ടെലിവിഷൻ പരിപാടികളുടെ ഉത്തരവാദിത്തം അത് നിർമ്മിക്കുന്നവർക്ക് ഉണ്ടാവണം. സിനിമകളിൽ ആയാലും എന്തായാലും, സന്ദേശം നൽകുന്നു എങ്കിൽ മനുഷ്യ നന്മ ലക്ഷ്യമിട്ടാകണം’ പ്രേം കുമാര്‍ പറഞ്ഞു.
സിനിമകളിലെ ഇത്തരം രംഗങ്ങള്‍ കുട്ടികളെ സ്വാധീനിക്കില്ല എന്ന് ചിലർ ന്യായീകരിക്കുമെങ്കിലും അനുപ്രസരണം പോലെ അത് അവരിൽ പടരുന്നുണ്ട്. അതിലെല്ലാം ശുദ്ധീകരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേംകുമാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞ എഎ റഹീം, മലയാള സിനിമയിൽ ശക്തമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും പ്രതികരിച്ചു.