നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ ഡോ. എലിസബത്ത് ഉദയൻ. പ്രായമുള്ള സ്ത്രീകളെ ബാല വീട്ടിലെ ബെഡ്റൂമിലേക്ക് വിളിച്ചുകയറ്റുമായിരുന്നുവെന്നാണ് എലിസബത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്താൽ ‘അമ്മയെപ്പോലെയാണ്, ചേച്ചിയെപ്പോലെയാണ്’ എന്നൊക്കെ പറയുമായിരുന്നുവെന്നും അവര്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. ‘നിന്‍റെ അമ്മയെ മുറിയില്‍ വിളിച്ചു കയറ്റിയാലും നീ ഇതുപോലെ എന്നോട് ചോദിക്കുമോ’ എന്ന് ബാല തന്നോട് ചോദിച്ചുവെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
2008-2009 കാലത്ത് ബാലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്ന് എലിസബത്ത് ആരോപിച്ചു. താന്‍ അറിയാതിരിക്കാൻ ‘യുഎസ്എ പ്രോഗ്രാം’ എന്ന പേരിലാണ് നമ്പർ സേവ് ചെയ്തിരുന്നത്. താൻ അടുത്തുള്ളപ്പോൾ ആ നമ്പറിൽ നിന്ന് കോൾ വന്നാൽ എടുക്കില്ലായിരുന്നുവെന്നും എലിസബത്ത് പറയുന്നു. ആരാണെന്ന് ചോദിച്ചാല്‍ ‘യുഎസിൽ പ്രോഗ്രാം ചെയ്തിരുന്നു, അവർ വിളിക്കുന്നതാണ്’ എന്നായിരിക്കും മറുപടി. അവർ തമ്മിൽ വിവാഹം കഴിഞ്ഞകാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാൽ മദ്യപിച്ച് വീട്ടിലെത്തിയ ഒരുദിവസം ലഹരിയിൽ അറിയാതെ ബാല അക്കാര്യം പറഞ്ഞുവെന്നും എലിസബത്ത് പറയുന്നു. പണമുള്ള മറ്റൊരാളെ കണ്ടപ്പോൾ അവര്‍ തന്നെ ഉപേക്ഷിച്ചെന്നൊക്കെ പറഞ്ഞ് ബാല കരഞ്ഞിരുന്നുവെന്നും എലിസബത്ത് വെളിപ്പെടുത്തി.
അതേസമയം, ‘ചെകുത്താൻ’ കേസിലെ തോക്കിന്റെ വിഷയത്തിൽ പൊലീസുകാർ വീട്ടിൽ വന്നപ്പോൾ തന്നെ റൂമിലിട്ട് പൂട്ടി. താൻ പുറത്തിറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് പേടിച്ചാണ് പൂട്ടിയിട്ടത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞാണ് വേര്‍പിരിഞ്ഞത്. ‘ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം, ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതിലും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും. അതൊക്കെ ഒരു മറയാണ്.’ – വിഡിയോയില്‍ എലിസബത്ത് പറഞ്ഞു.
‘അയാളുടെ വീട്ടിൽ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടയ്ക്ക് പൊലീസ് പിടിച്ചിരുന്നു. സത്യത്തിൽ എനിക്കും പേടിയുണ്ട്. അയാൾ വല്ല ഡ്രഗ്സും വച്ച് എന്നെയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ്. അധികം വൈകാതെ അയാൾ പകരം വീട്ടും. ആരും ശ്രദ്ധിക്കാതിരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള ആക്രമണം. ഞാൻ വല്ല വണ്ടിയും ഇടിച്ച് മരിച്ചാൽപ്പോലും ആളുകൾ അറിയില്ല.’ – എലിസബത്ത് വിഡിയോയിൽ ആശങ്കപ്പെടുന്നു. വിഡിയോയ്ക്കുപിന്നാലെ ഒട്ടേറെപ്പേര്‍ എലിസബത്തിനെ പിന്തുണച്ചും ചിലര്‍ എതിര്‍ത്തും കമൻറുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.