saikumar-bindu-recovery

TOPICS COVERED

മലയാളികളുടെ പ്രിയതാരങ്ങളാണ് നടൻ സായ് കുമാറും ഭാര്യ ബിന്ദു പണിക്കറും. കുറച്ചു കാലങ്ങളായി താരങ്ങള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. നടക്കാന്‍ ബുദ്ധിമുട്ട് എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം അടുത്തിടെയായി അത്തരത്തിലെ കഥാപാത്രങ്ങളുമാണ് സായ്കുമാര്‍ ചെയ്തിരുന്നത്. പരസ്പര സഹായമില്ലാതെ തനിച്ച് നടക്കാന്‍ താരത്തിന് സാധിക്കില്ലായിരുന്നു.  ഇപ്പോഴിതാ കാലിനുണ്ടായിരുന്ന രോഗം ഭേദമായ സന്തോഷവാർത്ത പങ്കുവച്ച് നടൻ സായ് കുമാറും ഭാര്യ ബിന്ദു പണിക്കറും. ഡയല്‍ കേരള എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.  ആരുടെയും സഹായമില്ലാതെ നന്നായി നടക്കുന്നതും വിഡിയോയില്‍ കാണാം. 

കാലിൽ രക്തയോട്ടം കുറവായതും വൃക്കയ്ക്ക് ഉണ്ടായ അസുഖവുമാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്നാണ് സായ് കുമാര്‍ പറയുന്നത്. ധാരാളം മരുന്നുകള്‍ കഴിച്ചിട്ടും ഫലമുണ്ടാകാതെ അവസാനം ആയുര്‍വേദ സെന്‍ററില്‍ എത്തി കൃത്യമായ ചികില്‍സ ഉറപ്പാക്കിയതിനു ശേഷമാണ് പൂര്‍ണമായും സുഖം പ്രാപിച്ചതെന്നും സായ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

സായ് കുമാറിന്‍റെ വാക്കുകളിങ്ങനെ, ആറുവർഷത്തിൽ കൂടുതൽ ആയി എനിക്ക് നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയിട്ട്. ഒരുപാട് ആശുപത്രികളിൽ പോയി. കൃത്യമായ കാരണം ആരും പറഞ്ഞില്ല. ബ്ലഡ് റീസർക്കിളിങ് കുറവ് എന്ന് മാത്രമാണ് പറയുന്നത്. അതിനൊരു പ്രതിവിധി ഇല്ല എന്ന് പറഞ്ഞു. ഞാൻ അലോപ്പതിക്കാരെ കുറ്റം പറയുകയല്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റിബയോട്ടിക് ആയിരുന്നു. പിന്നീട് ഞാന്‍ അതങ്ങ് നിര്‍ത്തി, വേദനയോട് ശരീരം മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ടു. അന്നൊന്നും കാലില്‍ തൊടുന്നത് പോലും എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ഞങ്ങള്‍ ഒരുമിച്ചു കൈപിടിച്ചായിരുന്നു നടന്നു കൊണ്ടിരുന്നത്. ഒരുപാട് ആശുപത്രികളിൽ പോയി. ഒരു മാറ്റവുമില്ലാതെ മടുപ്പുണ്ടായിരുന്ന സമയത്താണ് ഒരു ആയുര്‍വേദ ആശുപത്രിയെപ്പറ്റി കേട്ടത്. എന്നാൽ ഒന്ന് വന്നു നോക്കാം എന്ന് കരുതി വന്നതാണ്. ഒരുപാട് നാളായുള്ള ആസുഖമാണ്. ഇപ്പോഴാണ് അതില്‍ നിന്നൊരു മുക്തി ലഭിച്ചത്. ഇപ്പോള്‍ എനിക്ക് ആരുടെയും സഹായമില്ലാതെ തന്നെ നടക്കാന്‍ കഴിയുന്നുണ്ട്. ഒരുപാട് വ്യത്യാസം വന്നു. 

സായ്കുമാറിന്‍റേത് പോലെ അത്ര ഭീകരമല്ലെങ്കിലും തനിക്കും സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബിന്ദു പണിക്കര്‍. കഴിഞ്ഞ പതിനേഴ് വർഷമായി ഷുഗർ ഉണ്ടായിരുന്നുവെന്നും കാലിലെ ഒരു സർജറി കഴിഞ്ഞതിനുശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയതെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ഷുഗർ ഉണ്ടായതിനാൽ കാലിൽ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതിരുന്നതും കൂടുതൽ പ്രശ്നങ്ങൾക്കു കാരണമായി. തങ്ങളുടെ പ്രിയതാരങ്ങള്‍ ആരോഗ്യം വീണ്ടെടുത്തതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് കമന്‍റുമായെത്തുന്നത്. 

ENGLISH SUMMARY:

Malayalam actor Saikumar has announced that he has recovered from his illness. The veteran actor shared the good news with his fans, expressing gratitude for their support and prayers.