naynthara-dhanush

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര ധനുഷ് തര്‍ക്കം വീണ്ടും. നയൻതാരയേയും ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവനേയും കടന്നാക്രമിച്ച് ധനുഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.  ഇരുവർക്കുമെതിരെ പകർപ്പവകാശം ലംഘിച്ചു എന്നുകാട്ടി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്. 

നയൻതാരയെക്കുറിച്ചുള്ള നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ എന്ന ഡോക്യുമെന്‍ററിയില്‍ നിന്നും ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ധനുഷ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് കേസ് നൽകിയിരിക്കുന്നത്.

'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്ത് തീര്‍ത്തും പ്രഫഷനല്‍ അല്ലാത്ത സമീപനമാണ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെ ഭാ​ഗത്തു നിന്നുണ്ടായതെന്നാണ് ധനുഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. വിഘ്നേഷിന്‍റെ മുഴുവന്‍ ശ്രദ്ധയും നയന്‍താരയിലും താരത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും മാത്രമായിരുന്നുവെന്ന് സത്യവാങ്മൂലത്തിലുണ്ട്. മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അവഗണിച്ചുകൊണ്ട് നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ മാത്രം നിരവധി തവണ റീടേക്ക് എടുത്തു. അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കൾക്ക് മുൻഗണന നൽകാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 

നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലായിരുന്നു നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ എന്ന ഡോക്യുമെന്‍ററി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്നത്. ഡോക്യുമെന്‍ററിയില്‍ നാനും റൗഡി താൻ എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന്‍റെ പേരിൽ ധനുഷ് നയൻതാരയ്ക്കെതിരെ പകർപ്പവകാശ ലംഘനത്തിനെതിരെ 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് തുടക്കം. ധനുഷിനെതിരെ നയന്‍താരയും രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

Actor Dhanush has once again come forward with strong criticism against actress Nayanthara and her husband, director Vignesh Shivan. His statements have sparked fresh discussions in the film industry and among fans.