ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ചിത്രത്തിന്‍റെ പ്രൊമോ വിഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ബേസിലിന്‍റെ രസകരമായ അഭിമുഖത്തിന്‍റെ ഒരു ഭാഗമാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് ലഭ്യമാകുന്ന വിവരം.
കേരളത്തിലെ കുറ്റകൃത്യങ്ങളെ പറ്റിയുള്ള ചാനല്‍ അവതാരകന്‍റെ വാര്‍ത്താ അവതരണത്തിലൂടെയാണ് വിഡിയോ തുടങ്ങുന്നത്. പിന്നീട് ബേസിലിന്‍റെ അഭിമുഖമാണ് കാണിക്കുന്നത്.
ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിലെത്തുന്നത്. താരത്തിന്‍റെ പുതിയ ലുക്ക് വെളിപ്പെടുത്തിയുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. തലമുടി കളര്‍ ചെയ്ത് ഫ്ീക്കന്‍ലുക്കിലാണ് ബേസിലെത്തുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ എന്നിവക്ക് ശേഷം ടൊവിനോ തോമസ് നിർമാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്. ബേസിൽ ജോസഫിനെ കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ, ബിപിൻ ചന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും.