നാരായണീന്‍റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രത്തിലെ ലൈംഗികരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് . ചിത്രത്തില്‍ ജ്യേഷ്ഠന്‍റെയും അനുജന്‍റെയും മക്കള്‍ക്കിടയിലെ ബന്ധമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ഇതിനെതിരെ ഒട്ടേറെപ്പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു . സഹോദരതുല്യരായ രണ്ടുപേര്‍ തമ്മിലുള്ള ബന്ധം ചലച്ചിത്രത്തില്‍ ഈ രീതിയില്‍ പ്രതിപാദിക്കുന്നത് സമൂഹത്തെ എങ്ങിനെ സ്വാധീനിക്കുമെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഡെന്നിസ് അറയ്ക്കല്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:
'ഫസ്റ്റ് കസിൻസ് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനിമ പ്രതിപാദിക്കുന്നുണ്ടെന്ന് എനിക്ക് സെർച്ച് ചെയ്തപ്പോൾ മനസ്സിലായി... ഒരുപാട് പേർക്ക് അത് പ്രശ്നമുണ്ടെന്നും മനസ്സിലായി.രക്തബന്ധം ഉള്ളവർ തമ്മിലുള്ള പ്രണയം എന്നും ഒരു വലിയ സാമൂഹിക വിഷയമാണ്. മർക്കേസിന്‍റെ നോബൽ സമ്മാനം കിട്ടിയ ഏകാന്തതയുടെ 100 വർഷങ്ങൾ എന്ന നോവലിൽ "അഗമ്യഗമനം" കഥയുടെ ഒരു പ്രധാനപ്പെട്ട ബിന്ദുവായി പറഞ്ഞു പോയിട്ടുണ്ട്.
മുറപ്പെണ്ണും മുറചെറുക്കനും തമ്മിൽ കല്യാണം കഴിക്കുന്നത് അക്സെപ്റ്റ് ചെയ്യാൻ പറ്റുന്ന സമൂഹത്തിന് അച്ഛന്‍റെ സൈഡിൽ നിന്നുള്ള ഫസ്റ്റ് കസിൻസും റൊമാന്‍റിക് റിലേഷൻഷിപ്പിൽ ആകുന്നത് അക്സെപ്റ്റ് ചെയ്യാൻ സാധിക്കില്ല എന്നു പറയുന്നത് ശുദ്ധ പോഴത്തരം ആണ്.
ഈ രണ്ടു ബന്ധങ്ങളും ബയോളജിക്കലി ഒരുപോലെ തന്നെയാണ്. മുറപ്പെണ്ണും മുറചെറുക്കനും തമ്മിൽ കല്യാണം കഴിക്കുന്ന കാക്കത്തൊള്ളായിരം മലയാള സിനിമകൾ ഉണ്ട്. അതിൽ ഒരു സിനിമകളിലും സഹോദരി സഹോദര ലൈംഗികബന്ധം ഉണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ? പിന്നെ എന്തിനാണ് ഇതിനു മാത്രം അങ്ങനെ ഒരു ബ്രാൻഡിംഗ്?
ഇതു വായിച്ചിട്ട് ദയവായി ഞാൻ മുറപ്പെണ്ണും മുറച്ചിറക്കനും തമ്മിലുള്ള കല്യാണം അക്സെപ്റ്റ് ചെയ്യുന്നു എന്ന് വിചാരിക്കരുത്. ഇങ്ങനെ ചെയ്ത് സ്വന്തം മക്കൾക്ക് മാനസികപരമായും ശാരീരിക പരമായും വൈകല്യമുള്ള നാലു കൂട്ടുകാർ എനിക്കുണ്ട്..കഥകളെ കഥകളായി വിടുക എന്നതാണ് എന്റെ രീതി. അതിനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന് നമ്മൾ കൊടുത്തേ തീരൂ.എഴുത്തുകാരന്റെ മോറാലിറ്റി അല്ല കഥാപാത്രങ്ങളുടെ മോറാലിറ്റി...ഏതായാലും ഞാൻ സിനിമ ഒന്ന് കണ്ടു നോക്കാം. റിവ്യൂ പറയണ്ട സിനിമയാണെങ്കിൽ ഇവിടെ പറയാം..അല്ലെങ്കിൽ പറച്ചിൽ ഒന്നും ഉണ്ടാവില്ല
രസകരമായ ഒരു വസ്തുത എന്തെന്ന് വെച്ചാൽ ഈ പോസ്റ്റിന് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും പോലും പലർക്കും പേടിയായിരിക്കും.അത്ര കഠിനമായാണ് നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ജഡ്ജ് ചെയ്യുന്നത്...ഈ പോസ്റ്റിന് ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഫോട്ടോ ഇട്ടേക്കാം. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, അതിപ്പോ ഞാൻ എന്താ പറയുക' എന്നുകൂടെ പറഞ്ഞാണ് ഡെന്നിസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.