ശരണ്യ ശശിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയ ഭേദകമായ കുറിപ്പുമായി നടി സീമ ജി.നായര്‍. ശരണ്യയുടെ അവസാന പിറന്നാള്‍ താനും അവളുടെ അമ്മയും മല്‍സരിച്ചാണ് ആഘോഷിച്ചതെന്നും പെട്ടെന്ന് അവള്‍ വിട പറഞ്ഞ് പോകുമെന്ന് കരുതിയിരുന്നില്ലെന്നും സീമ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 13ന് ശരണ്യക്കൊപ്പം പൊങ്കാലയിട്ട അതേ സ്ഥലത്ത് തന്നെയാണ് ഇത്തവണ പൊങ്കാലയിട്ടതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സീമ പറഞ്ഞു.
സീമ ജി.നായരുടെ കുറിപ്പ്
'എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാൾ ആണിന്ന്.. അവൾ സ്വർഗത്തിൽ ആഘോഷത്തിരക്കിൽ ആയിരിക്കും.. ഭൂമിയിൽ അവളുടെ അവസാന പിറന്നാൾ ഞാനും, അവളുടെ അമ്മയും മത്സരിച്ചാഘോഷിച്ചു.. ശാരുവിന്റെ വിടപറയൽ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.. ദേവുവിനെ കൊണ്ട് സ്പെഷ്യൽ കേക്കുണ്ടാക്കി അതും കൊണ്ട് ഞങ്ങൾ എല്ലാരും കൂടി തിരുവനന്തപുരത്തിനു പോയി, ഒരു രാജകുമാരിയെ പോലുള്ള കേക്ക്.. ദേവു അന്ന് ശാരുനു വേണ്ടി ഉണ്ടാക്കിയ കേക്ക് ആണ് രണ്ടാമത്തെ ഫോട്ടോയിൽ... അതി മനോഹരം ആയിരുന്നു ആ കേക്ക്... അവളെ രാജകുമാരിയെ പോലെ ഒരുക്കി ആയിരുന്നു ആ കേക്ക് കട്ടിങ്..
എന്റെ ജീവിതത്തിൽ 24 മണിക്കൂറും നീയും നിന്റെ ഓർമകളും ആണ്... എങ്ങനെ കറങ്ങി ചുറ്റി വന്നാലും നിന്നിലേ അതവസാനിക്കൂ... മാർച്ച് 13 ന് ആറ്റുകാൽ പൊങ്കാല ആയിരുന്നു.. പണ്ട് നമ്മൾ പൊങ്കാല ഇട്ട അതെ സ്ഥലത്താണ് ഈ തവണയും പൊങ്കാല ഇട്ടത്.. പൊങ്കാലയും നിന്റെ പിറന്നാളും അടുത്തടുത്ത ദിവസങ്ങളിൽ ആണ് വന്നത്.. ആരെവിടെ കണ്ടാലും ആദ്യം എന്നോട് ചോദിക്കുന്നതു നിന്നെയാണ്, സുഖമായി ഇരിക്കുന്നുവെന്നു ഞാൻ പറയട്ടെ... അങ്ങനെ പറയാം അല്ലെ മുത്തേ, അപ്പോൾ MANY MANY HAPPY RETURNS OF THE DAY'
സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്ന ശരണ്യ ശശി 2021 ഓഗസ്റ്റ് ഒമ്പതിനാണ് ട്യൂമര്‍ ബാധിതയായി മരണപ്പെടുന്നത്. അസുഖകാലത്ത് അവര്‍ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു.