എണ്‍പതുകളില്‍ മലയാള സിനിമ അനുഭവിച്ചത് ഒരു പുതുതുടക്കമാണ്. ഒരു തലമുറയെ തന്നെ ചിന്തയുടെയും കാഴ്ചയുടെയും അനുഭവങ്ങളിലൂടെ കടത്തിവിട്ട അതികായന്‍ ജി.അരവിന്ദനാണ് അതിനു കാരണം. അന്താരാഷ്ട്രതലത്തിലേക്ക് മലയാളത്തിനെ ഉയര്‍ത്തിയ പ്രിയ സംവിധായകന്‍റെ ഓര്‍മദിനമാണ് ഇന്ന്.
സിനിമയെ അതിന്‍റെ ഉന്മാദാവസ്ഥയില്‍ രുചിയോടെ വിളമ്പിത്തന്ന പാചകക്കാരന്‍, പുതുവഴിയെ തേടിപ്പോയി പലതിനെയും പറഞ്ഞുതന്ന മാസ്റ്റര്‍ക്ലാസ് മേക്കര്‍. ജി.അരവിന്ദന്‍ എന്ന സംവിധായകന്റെ ശൂന്യത 34 ആണ്ടുകള്‍ക്കിപ്പുറവും മലയാളത്തിനുണ്ട്. ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര എല്ലാവരും ഏറ്റെടുത്തു. 1974ല്‍ തിക്കോടിയനും പട്ടത്തുവിള കരുണാകരനും ചേര്‍ന്ന് ഉത്തരായനം നിര്‍മിച്ചപ്പോള്‍, അമരത്ത് അരവിന്ദനെത്തി. പിന്നീടങ്ങോട്ട് അരവിന്ദന്‍,അതുല്യതയുടെ പേരായിമാറി.
തമ്പും, കുമ്മാട്ടിയും എസ്തപ്പാനും പോക്കുവെയിലും, ആ കാലഘട്ടത്തെ ഇത്ര മനോഹരമാക്കിയ മധുരചിത്രങ്ങള്‍ വേറെയുണ്ടാകില്ല. അതില്‍ കുമ്മാട്ടി ഇന്നും ലെജന്‍ഡറി ചിത്രങ്ങളുടെ പട്ടികയിലെ പൊന്നാണ്. തന്‍റെ അവസാനചിത്രമായ വാസ്തുഹാരയില്‍ ബംഗാളിലെ ആഭ്യന്തര കുടിയേറ്റത്തെയാണ് അരവിന്ദന്‍ പ്രമേയമാക്കിയത്. വിഖ്യാത ഫിലിം മേക്കര്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെ തന്റെ ഫിലിം ഫൗണ്ടേഷനിലൂടെ തമ്പും, കുമ്മാട്ടിയും റീ റിലീസ് ചെയ്തിരുന്നു എന്നതില്‍ നിന്ന് മനസിലാക്കാം ജി.അരവിന്ദന്റെ റേഞ്ച്. അത്രത്തോളം അനന്തമായിരുന്നു അദ്ദേഹത്തിന്റെ അറിവും, കടലുപോലെ.