നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയിലെ കസിൻ പ്രണയവും സെക്‌സും വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. കസിൻ പ്രണയത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും, വിഡിയോകളുമാണ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിൽ കസിൻസ് തമ്മിലുള്ള സെക്‌സ് മാത്രം കണ്ടവർ, കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ്  പവിത്ര ഉണ്ണി. 

പ്രധാന വിമർശനം സഹോദരങ്ങൾ പ്രണയിച്ചത് ആണല്ലോ? ഇക്കണ്ട കാലം മൊത്തം മലയാളം, തമിഴ് സിനിമകളിൽ ആങ്ങള-പെങ്ങൾ മക്കൾ പ്രണയിച്ചപ്പോൾ അഴിഞ്ഞു വീഴാതിരുന്ന എന്താണ് ഇപ്പോൾ സംഭവിച്ചത്? കിരീടത്തിലെ മോഹൻലാലും പാർവതിയും സഹോദരങ്ങൾ അല്ലെ? മഴയെത്തും മുൻപേയിലെ മമ്മൂട്ടിയും ശോഭനയും സഹോദരങ്ങൾ അല്ലെ? അതും സഹോദരങ്ങൾ തന്നെയാണ്, ഇതും. രണ്ടും incest ആയത് കൊണ്ട് ഒഴിവാക്കേണ്ടതുമാണ്. ആദ്യത്തേത് മഹത്തരവും രണ്ടാമത്തേത് പിള്ളേരെ വഴി തെറ്റിക്കുന്നതും ആകുന്നത് വെറും ഇരട്ടത്താപ്പാണ്. 

കുറിപ്പിന്റെ പൂർണരൂപം

നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയിൽ എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു കാര്യങ്ങൾ പറയാം. വളരെ subtle ആയി പറഞ്ഞു പോകുന്നവയാണ് ഇവയൊക്കെ. കാലങ്ങളായി മലയാളം സിനിമ ഗ്ലോറിഫൈ ചെയ്തു വച്ചിരിക്കുന്ന ചില സങ്കല്പങ്ങളുണ്ട്-സ്നേഹനിധിയായ അമ്മ, രക്തബന്ധത്തിന്റെ തീവ്രത, സഹോദര സ്നേഹം, അമ്മ-മക്കൾ സ്നേഹം, ബന്ധുത്വം നൽകുന്ന ശക്തി, സവർണർക്കിടയിൽ മാത്രമാണ് ജാതി സ്പിരിറ്റ്, പാരന്റ് എന്നത് അധികാരസ്ഥാനമാണ്, സർക്കാർ ജോലി പോലുള്ള സൗകര്യപ്രദമായ ജോലികൾ നേടി സെറ്റിൽ ആകുന്നതാണ് ജീവിത വിജയം, പഠിക്കാൻ മിടുക്ക് ഇല്ലെങ്കിൽ പൊട്ടൻ പോലുള്ള വിളികൾ സ്വാഭാവികമാണ്, മിശ്രവിവാഹം കുടുംബമാനം കളയുന്നു….

ഇതിനെല്ലാം ഇട്ട് നല്ല കൊട്ട് ആണ് സിനിമ നൽകിയത്. 24 വർഷം കഴിഞ്ഞു കാണുന്ന ചേട്ടനോട് അനിയൻ ആദ്യം ചോദിക്കുന്നത് എന്തൊരു തടിയാണ് ചേട്ടാ എന്നാണ്. മനുഷ്യർ ഏത് UK യിൽ പോയാലും ഇത്തരം ചോദ്യങ്ങൾ തീരുന്നില്ലല്ലോ എന്നോർത്തു. വഴക്കിടുമ്പോഴെല്ലാം ജോജുവിനെ പൊട്ടനെന്ന് വിളിക്കുന്ന ചേട്ടനും അനിയനും. അനിയനെ പന്നിയെന്ന് വിളിക്കുന്ന ചേട്ടൻ. നാരായണിയുടെ/ഇവരുടെ അച്ഛന്റെ വായിൽ നിന്നാവണം ഇതൊക്കെ ഇവർക്ക് കിട്ടിയത്. കുട്ടികൾ അനുകരിച്ചാണ് വളരുന്നത്. നല്ല മാതൃകകൾ ഇല്ലാത്ത കുട്ടികൾ എന്താവും അനുകരിക്കുക?

ഒരു സീനിൽ ജോജു പറയുന്ന ഡയലോഗ് ആണ് ഈ സിനിമയുടെ തീമിനെ കൃത്യമായി വിശദീകരിക്കുന്നത്. ബന്ധങ്ങൾ ക്ഷണികമാണ്, സങ്കീർണമാണ്. അതിന് ബൗണ്ടറികൾ ഉണ്ടാകുമ്പോഴാണ് അത് ശക്തവും സുദീർഘവുമായി മാറുന്നത്. രക്തബന്ധം ആയാലും അല്ലെങ്കിലും ഈ ‘സംസ്കരണം’ (purification/refinement) നടക്കണം എന്നർത്ഥം. സഹോദരബന്ധത്തിൽ നല്ലൊരു മാതൃക കാണിക്കാൻ ഇല്ലാത്ത ഈ കുടുംബത്തിൽ എങ്ങനെയാണ് നിഖിലും ആതിരയും രക്തബന്ധത്തിന്റെ പേരിൽ മാത്രം സഹോദര ബൗണ്ടറി സെറ്റ് ചെയ്യുക? അവിടെ ചെമ്മീൻ കറി കരിഞ്ഞ പോലെ ബന്ധങ്ങളുടെ അർത്ഥവും കരിഞ്ഞു പോകും, സ്വാഭാവികം. 

നഫീസ ഇപ്പോഴും മുസ്ലിം ആണോ എന്നും നിഖിൽ ഹിന്ദു ആണോ എന്നും ചോദിക്കുന്ന കുടുംബാംഗങ്ങളെ ഈ സിനിമയിൽ കാണാം. ബന്ധുവിന് വൈകാരിക ബന്ധമുള്ള സ്ഥലം അങ്ങനെ അയാൾ വാങ്ങിച്ചെടുക്കേണ്ട എന്ന് നിർബന്ധമുള്ള വല്യേട്ടനെ ഇതിൽ കാണാം. മിശ്ര വിവാഹത്തെ മഹാരോഗമെന്ന പോലെ പേടിക്കുന്നവരെ കാണാം. ജാതി സ്പിരിറ്റ് എന്നത് അവർണരിലും ഉണ്ടെന്ന് കാണാം. ശരിക്കും നിശബ്ദമായ പലതരം വയലൻസുകൾ പേറുന്ന ഈ കുടുംബബന്ധങ്ങളെ തുറന്ന് കാണിക്കുന്നു എന്നതാണ് ഈ സിനിമയിൽ എനിക്കിഷ്ടപ്പെട്ട മറ്റൊരു കാര്യം. സിനിമ ആരുടെ പക്ഷവും പിടിക്കാതെ ഇതാ ഇതങ്ങനെയാണ് സത്യത്തിൽ എന്ന് കാണിക്കുന്നു. നമ്മൾ കാലങ്ങളായി വാഴ്ത്തി വച്ച സന്തുഷ്ട കുടുംബബന്ധങ്ങൾ എന്ന വിഗ്രഹം ഉടഞ്ഞു വീഴുന്നു. 

ഇനി പ്രധാന വിമർശനം സഹോദരങ്ങൾ പ്രണയിച്ചത് ആണല്ലോ? ഇക്കണ്ട കാലം മൊത്തം മലയാളം, തമിഴ് സിനിമകളിൽ ആങ്ങള-പെങ്ങൾ മക്കൾ പ്രണയിച്ചപ്പോൾ അഴിഞ്ഞു വീഴാതിരുന്ന എന്താണ് ഇപ്പോൾ സംഭവിച്ചത്? കിരീടത്തിലെ മോഹൻലാലും പാർവതിയും സഹോദരങ്ങൾ അല്ലെ? മഴയെത്തും മുൻപേയിലെ മമ്മൂട്ടിയും ശോഭനയും സഹോദരങ്ങൾ അല്ലെ? 

അതും സഹോദരങ്ങൾ തന്നെയാണ്, ഇതും. രണ്ടും incest ആയത് കൊണ്ട് ഒഴിവാക്കേണ്ടതുമാണ്. ആദ്യത്തേത് മഹത്തരവും രണ്ടാമത്തേത് പിള്ളേരെ വഴി തെറ്റിക്കുന്നതും ആകുന്നത് വെറും ഇരട്ടത്താപ്പാണ്. 

നിങ്ങൾക്ക് ഈ സിനിമ ഇഷ്ടമായോ? യോജിപ്പുകളും വിയോജിപ്പുകളും കമെന്റ് ചെയ്യൂ.

ENGLISH SUMMARY:

Cousin love and sex in Narayaneente Moonnaanmakkal; Viral note