പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ആദ്യ പ്രദര്‍ശനം 27ന് രാവിലെ ആറിന്. മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സമയം അറിയിച്ചിരിക്കുന്നത്. റിലീസും ആദ്യഷോയും സംബന്ധിച്ച് സോഷ്യല്‍ മീഡയയില്‍ ആരാധകരുടെ ചര്‍ച്ച സജീവമായിരുന്നു.
സിനിമാസമരവുമായി സംഘടനകള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് എമ്പുരാന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നത്. നാളെ ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിതലചര്‍ച്ച നടക്കാനിരിക്കുകയാണ്. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ഉള്‍പ്പെടെ എത്തിയത് അര്‍ധരാത്രിയായിരുന്നു. ഒരു ദിവസം ആറു ഷോ നടത്താന്‍ തക്കവിധത്തിലുള്ള ക്രമീകരണമാണ് നടത്തുന്നത്. സുരേഷ്കുമാര്‍–ആന്റണി പെരുമ്പാവൂര്‍ അഭിപ്രായവ്യത്യാസമുള്‍പ്പെടെ നിലനില്‍ക്കുന്നതിടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിനു പിന്നാലെ ഗോകുലം മൂവീസും ചിത്രത്തിന്റെ നിര്‍മാണപങ്കാളിത്തം ഏറ്റെടുത്തിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ പരാജയമായതോടെ ആ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ ദക്ഷിണേന്ത്യയിലെ തിയറ്ററുകള്‍ തയാറാകാത്തത് പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് സൂചന. മലയാള സിനിമയ്ക്ക് ഒടിടിയിലടക്കം വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് ഒരു വലിയ ഹിറ്റാണ് പ്രേക്ഷകര്‍ എമ്പുരാനിലൂടെ പ്രതീക്ഷിക്കുന്നത്.
അതേസമയം എമ്പുരാന്‍റെ റിലീസ് 27ന് ഉറപ്പിച്ച് സംവിധായകൻ പൃഥ്വിരാജ്. ഫെയ്സ്ബുക്കിൽ ഗോകുലം മൂവീസ് എമ്പുരാനൊപ്പം ചേർന്നതിന് നന്ദി പറഞ്ഞാണ് പൃഥ്വിരാജ് സിനിമയുടെ റിലീസ് സ്ഥിരീകരിച്ചത്. എമ്പുരാന്‍റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസും വമ്പന്‍ ബാനറായ ലൈക്കയിൽ നിന്ന് ചിത്രം ഏറ്റെടുത്തതോടെ ഗോകുലം മൂവിസും നിര്‍മാണ പങ്കാളികളാവുകയാണ്.