Picture Credits: @kanganaranaut
‘എമര്‍ജന്‍സി’ എന്ന കങ്കണ റണൗട്ടിന്‍റെ സിനിമാവിശേഷങ്ങള്‍ സമൂഹമാധ്യമത്തില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പിന്നാലെ താരത്തിന്‍റെ അഭിനയത്തെക്കുറിച്ചും സിനിമയെ കുറിച്ചും സമൂഹമാധ്യമത്തില്‍ പ്രതികരണ പെരുമഴയാണ്. ട്രോളായും മീമായും കുറിപ്പുകളും ചിത്രങ്ങളുമൊക്കെയായി പലരും ‘എമര്‍ജന്‍സി’യെ കുറിച്ച് സംസാരിക്കുകയാണ്.
ചില പ്രതികരണങ്ങള്‍ കങ്കണ തന്നെ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സ്റ്റോറിയായും മറ്റും ഷെയര്‍ ചെയ്തിരുന്നു. അതില്‍ ഒന്നില്‍ ‘സില്ലി ഓസ്കര്‍ അവാര്‍ഡ് അമേരിക്ക തന്നെ കയ്യില്‍ വച്ചുകൊള്ളട്ടെ’ എന്നാണ്. ‘എമര്‍ജന്‍സി’ ഓസ്കര്‍ നേടണമായിരുന്നു എന്ന് ഒരാള്‍ സമൂഹമാധ്യമത്തില്‍ നടത്തിയ പ്രതികരണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് നടിയുടെ മറുപടി. സംഭവം വൈറലാണ്.
‘എമര്‍ജന്‍സി’ ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ പുരസ്കാരത്തിനുള്ള എന്‍ട്രിയാകണം എന്നാണ് കുറിപ്പിലുള്ളത്. ഇതിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ‘അമേരിക്ക അതിന്റെ യഥാർത്ഥ മുഖം അംഗീകരിക്കാൻ താല്‍പര്യപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്കര്‍ അവരുടെ കയ്യില്‍ തന്നെ വച്ചോട്ടെ. ഞങ്ങൾക്ക് ദേശീയ അവാർഡുണ്ട്’ എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
കങ്കണ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പ്രതികരണങ്ങള്‍.
ചിത്രത്തിലെ കങ്കണയുടെ അഭിനയം ഗംഭീരമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ പ്രതികരണവും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ‘ചിത്രത്തെ മുന്‍ധാരണയോടെയാണ് സമീപിച്ചത്. എന്നാല്‍ കങ്കണ അഭിനയത്തിലും, സംവിധാനത്തിലും ശരിക്കും ഞെട്ടിച്ചു. ഇതൊരു വേള്‍ഡ് ക്ലാസ് ചിത്രമാണ്’ എന്നാണ് സഞ്ജയ് ഗുപ്ത പ്രതികരിച്ചത്. കഥയും ആഖ്യാന രീതിയും ഗംഭീരം. കഥാപാത്രത്തെ അതിഗംഭീരമായി തന്നെ കങ്കണ അവതരിപ്പിച്ചു എന്നാണ് നടിക്കെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.