Image Credit : https://www.instagram.com/p/DHYJxv3TWvf/?img_index=5
മലയാളത്തിന്റെ ഇതിഹാസതാരം മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ ഒരവസരം കിട്ടിയാലോ? ഒരിക്കലും നടക്കാത്ത സ്വപ്നം എന്നുറപ്പിക്കാന്‍ വരട്ടെ. കടുത്ത മമ്മൂട്ടി ആരാധകര്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും അത് അസംഭവ്യമല്ല. മലയാളത്തിന്റെ മമ്മൂട്ടി അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നല്ലൊരു പങ്കും ചെലവഴിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീട് ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വര്‍ഷങ്ങളോളം മമ്മൂട്ടിയും ദുല്‍ഖറും കുടുംബവും താമസിച്ച വീട്ടിലാണ് ആരാധകര്‍ക്ക് താമസിക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്. പനമ്പിള്ളി നഗര്‍ കെ.സി.ജോസഫ് റോഡിലെ ആ വീട് ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. കൊച്ചി നഗരഹൃദയത്തിലെ വീട് ഏറെക്കാലമായി ആ പ്രദേശത്തിന്‍റെ തന്നെ അഡ്രസാണ്. ഈ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. വൈറ്റില, അമ്പേലിപ്പാടം റോഡിലാണ് പുതിയ വീട്. മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനെത്തുന്ന ആരാധകരെത്തുന്നത് പഴയതു പോലെ തന്നെ പനമ്പിള്ളിനഗറിലേക്കാണ്. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്.
പ്രിയതാരത്തിന്റെ ചലചിത്രയാത്രയിലെ ഏറ്റവും നിര്‍ണായഘട്ടത്തില്‍ അദ്ദേഹവും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. 2008 മുതല്‍ 2020 വരെ. കുറച്ചു വര്‍ഷങ്ങള്‍ ചെന്നൈയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം കൊച്ചിയിലേക്കു മാറിയപ്പോഴാണ് ഈ വീട്് സ്ഥിരം മേല്‍വിലാസമായത്. നഗരഹൃദയത്തില്‍ ഗ്രാമീണാന്തരീക്ഷമുള്ള വീട് എപ്പോഴും സമാധാനവും സന്തോഷവുമാണെന്ന് മമ്മൂട്ടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നതും വിവാഹിതനാകുന്നതുമെല്ലാം ഈ വീട്ടില്‍ താമസിക്കുമ്പോഴാണ്. 2012ലാണ് സെക്കന്റ് ഷോയിലൂടെ ദുല്‍ഖര്‍ സിനിമയില്‍ തുടക്കമിട്ടത്. 2011ലായിരുന്നു അമാല്‍ സൂഫിയയുമായുള്ള വിവാഹം. വൈകാരികമായി ഏറെ ബന്ധമുള്ള വീട്ടില്‍ ഇപ്പോഴും കുടുംബാംഗങ്ങള്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്തുന്നുമുണ്ട്.
വീടും പരിസരവും മോടിപിടിപ്പിച്ചെങ്കിലും മുറികളും പശ്ചാത്തലവുമൊക്കെ കുടുംബത്തിന്റെ താല്‍പര്യപ്രകാരം തന്നെയാണ് ഡിസൈന്‍. മമ്മൂട്ടി ഇരുന്ന ലിവിങ് റൂമിലും ഭക്ഷണം കഴിച്ച ഡൈനിങ് റൂമിലുമെല്ലാം ആരാധകര്‍ക്കും ജീവിക്കാം. ദുല്‍ഖര്‍ സല്‍മാന്റെ മുറിയോ സഹോദരി സുറുമിയുടെ മുറിയോ താമസിക്കാന്‍ തിരഞ്ഞെടുക്കാം. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വിശ്രമിച്ചിരുന്ന പുല്‍ത്തകിടിയില്‍ ഇരുന്ന് ചായ കുടിക്കാം. എല്ലാംകൊണ്ടും ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകര്‍ക്ക് ത്രില്ലിങ് എക്സ്പീരിയന്‍സ് ഉറപ്പ്. മമ്മൂട്ടി ഹൗസ് എന്ന പേരില്‍ തന്നെയാണ് വെക്കേഷന്‍ എക്സ്പീരിയന്‍സ് എന്ന ഗ്രൂപ്പ് വീട് പരിചയപ്പെടുത്തിയിരിക്കുന്നത്.