ആദിത്യന്‍റെ വേര്‍പാടിന്‍റെ വേദന പങ്കിട്ട് ഗായകന്‍ ജി വേണുഗോപാല്‍. ‘സസ്‌നേഹം ജി.വേണുഗോപാൽ’ ചാരിറ്റി ഫൗണ്ടേഷൻ ചികിത്സാ സഹായം നൽകിയിരുന്ന അര്‍ബുദ രോഗിയായാണ് ആദിത്യന്‍ കഴിഞ്ഞദിവസമാണ് അന്തരിച്ചത് . ആദിത്യന്‍റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഒപ്പം ആ കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ "സസ്നേഹം" എന്നുമുണ്ടാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വേണുഗോപാല്‍ പറഞ്ഞു.
വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
‘ആദിത്യൻ യാത്രയായി. ചെറുപ്രായത്തിൽ തന്നെ അർബുദം അവനെ പിടി കൂടിയിരുന്നു. 2 തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി. മൂന്നാം തവണയും രോഗം പിടി മുറുക്കിയപ്പോൾ, ഇന്നലെ വൈകുന്നേരത്തോടെ അവൻ നമ്മളെ വിട്ടു പോയി.
ഏതാണ്ട് കഴിഞ്ഞ 5 വർഷമായി "സസ്നേഹം" പലപ്പോഴായി ആദിത്യന് ചികിത്സാസഹായം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ സതീശൻ മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെന്റ് ഫണ്ട് 25000 രൂപയുടെ സഹായവും നൽകി. ആദിത്യന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം ആ കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ "സസ്നേഹം" എന്നുമുണ്ടാകും'