tharun-post

Image Credit: Facebook

ബുക്കിങ്ങില്‍ റെക്കോര്‍ഡ് തീര്‍ക്കുകയാണ് മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍'. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട   ഇന്ത്യൻ ചിത്രമായി എമ്പുരാൻ. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് ആണ്. ഈ അവസരത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന 'തുടരും' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. 

എമ്പുരാന്‍റെ പോസ്റ്ററും തുടരും എന്ന ചിത്രത്തിന്‍റെ പോസ്റ്ററും പങ്കുവച്ചുകൊണ്ടാണ് തരുണിന്‍റെ കുറിപ്പ്. 'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്' എന്നാണ് പോസ്റ്ററുകള്‍ പങ്കുവച്ചുകൊണ്ട് തരുണ്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ  മോഹന്‍ലാല്‍ ആരാധകര്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തി. എന്തോന്ന് അണ്ണാ... കട്ടയ്ക്ക് നമ്മളില്ലേ കൂടെ, ഇത് കഴിഞ്ഞാൽ അങ്ങോട്ട് വരുവല്ലേ എന്നാണ് ഒരു ആരാധകന്‍ കമന്‍റിട്ടത്. വെയിറ്റിംഗ് ഫോർ തരുൺ മാജിക് എന്ന് മറ്റൊരു ആരാധകന്‍റെ കമന്‍റ്. നമുക്ക് ഹെലികോപ്ടറും വേണം സ്‌പ്ലെൻഡറും വേണം എന്ന് പറഞ്ഞ് പിന്തുണയുമായെത്തുകയാണ് ആരാധകര്‍.

അതേസമയം തരുണിന്‍റെ പോസ്റ്റിനടിയില്‍ കമന്‍റുമായി രാഹുല്‍ മാങ്കൂട്ടത്തിലുമെത്തി. 'സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും' എന്നായിരുന്നു രാഹുലിന്‍റെ കമന്‍റ്. മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊന്നിക്കുന്നു പ്രത്യേകതയും തുടരും എന്ന ചിത്രത്തിനുണ്ട്. ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അധോലോകനായകനായ അബ്രാം ഖുറേഷിയേയും ടാക്സി ഡ്രൈവർ ഷൺമുഖത്തെയും ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

ENGLISH SUMMARY:

Director Tharun Moorthy's Post About Empuraan Gains Attention