mohanlal-drishyam3

Image Credit: Instagram

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്‍റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി പുത്തന്‍ അപ്ഡേറ്റ്. ദൃശ്യം 3 അണിയറയില്‍ പുരോഗമിക്കുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എമ്പുരാന്‍റെ റിലീസിനോടടുബന്ധിച്ചുളള അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'ദൃശ്യം 3 ഉറപ്പായും വരും. അണിയറയിൽ സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ഏറെക്കുറെ റെഡിയാണ് എന്നായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഫൈനൽ ആയിട്ടില്ല ജിത്തു ആണ് ബാക്കി കാര്യങ്ങൾ പറയേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദൃശം 3 എപ്പോള്‍ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍. 

മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ:

'ദൃശ്യം 3 ഉറപ്പായും വരും. സിനിമ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ഏറെക്കുറെ റെഡി ആണ്. ഫൈനൽ ആയിട്ടില്ല ജിത്തു ആണ് ബാക്കി കാര്യങ്ങൾ പറയേണ്ടത്. എന്തായാലും ദൃശ്യം 3 വരും. ഒരുപാട് പേർ സിനിമയെക്കുറിച്ച് ചോദിക്കുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഉടന്‍ തന്നെ അതുസംഭവിക്കുമെന്ന്' മോഹന്‍ലാല്‍ പറഞ്ഞു. 

ക്രൈം തില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്‍റെ ആദ്യ രണ്ടുഭാഗങ്ങള്‍ക്കും ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ചൈനീസ്, സിംഹള എന്നീ ഭാഷകളില്‍ ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണ് ദൃശ്യം 3. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇപ്പോഴിതാ ജോര്‍ജുകൂട്ടിയുടെ മൂന്നാം വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

ENGLISH SUMMARY:

Georgekutty Prepares for Action; Mohanlal Shares Update on Drishyam 3