ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും കോറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും വേര്‍പിരിഞ്ഞ വാര്‍ത്ത വൈറലായിരുന്നു. ഔദ്യോഗികമായി വേർപിരിഞ്ഞ അതേ ദിവസം തന്നെ, ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവിട്ടതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും ധനശ്രീക്ക് എതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
വിവാഹമോചനത്തെ തുടര്‍ന്നുള്ള ജീവനാംശം സ്വീകരിക്കുന്നതിനെച്ചൊല്ലിയാണ് പുതിയ വിമര്‍ശനം. ധനശ്രീയുടെ പുതിയ മ്യൂസിക് വിഡിയോയുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന്‍റെ കമന്‍റ് ബോക്സിലാണ് ജീവനാംശത്തെ ചൊല്ലിയുള്ള കമന്‍റുകള്‍.
വിവാഹമോചനത്തിലെ ധാരണപ്രകാരം 4.75 കോടി രൂപയാണ് ധനശ്രീ വര്‍മയ്ക്ക് ചാഹല്‍ നല്‍കേണ്ടത്. അക്കൗണ്ടില്‍ 4.75 കോടി രൂപ ക്രെഡിറ്റായോ, മറ്റുള്ളവരുടെ കാശിന് നിര്‍മിക്കുന്ന വിഡിയോ,സ്ത്രീധനം ചോദിക്കുന്നത് തെറ്റാണെങ്കില്‍ ജീവനാംശവും കുറ്റകരമാണ് തുടങ്ങിയ കമന്‍റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
ധനശ്രീ വര്‍മയെ നടി സാമന്തയുമായി താരതമ്യം ചെയ്ത് നടക്കുന്ന പ്രചരണങ്ങളും ഒട്ടും കുറവല്ല. വിവാഹമോചനത്തിന് പിന്നാലെ ജീവനാംശമായി നാഗചൈതന്യ നല്‍കാനിരുന്ന 200 കോടി രൂപ വേണ്ടെന്ന് സാമന്ത തീരുമാനിച്ചിരുന്നു. സാമന്ത ജീവനാശം നിരസിച്ചതുമായി താരതമ്യപ്പെടുത്തിയാണ് ധനശ്രീ വര്‍മയ്‌ക്കെതിരായ പ്രചാരണം.