പ്രശാന്ത് നീല്‍ ചിത്രം സലാറില്‍ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു കാര്‍ത്തികേയ. പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മന്നാറിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച കാര്‍ത്തികേയയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനുപിന്നാലെ എമ്പുരാനിലും തന്‍റെ ചെറുപ്പം അവതരിപ്പിക്കാന്‍ കാര്‍ത്തികേയയെ കാസ്റ്റ് ചെയ്ത വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കാര്‍ത്തികേയയെ എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തത് എങ്ങനെയാണെന്ന് വിവരിക്കുകയാണ് പൃഥ്വിരാജ്. പ്രശാന്ത് നീല്‍ അയച്ചുതന്നെ കാര്‍ത്തികേയയുടെ വിഡിയോ കണ്ടപ്പോഴേ താന്‍ എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തുവെന്ന് പൃഥ്വിരാജ് പറഞ്ഞു. തെലുങ്കില്‍ അവന്‍ വലിയ താരമായില്ലെങ്കില്‍ തനിക്ക് നിരാശയാവുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. കണ്ണുനിറഞ്ഞാണ് താരത്തിന്‍റെ വാക്കുകള്‍ കാര്‍ത്തികേയ കേട്ടത്. ഹൈദരബാദില്‍ നടന്ന പ്രസ്മീറ്റിലായിരുന്നു പൃഥ്വിരാജിന്‍റെ പരാമര്‍ശങ്ങള്‍.
''ഒരുദിവസം രാത്രി 1 മണിക്ക് പ്രശാന്ത് നീല്‍ ഉറങ്ങിയോ എന്ന് മെസേജയച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ഷോട്ട് അയക്കാം കാണൂ എന്ന് പറഞ്ഞു. മോണിറ്ററില്‍ നിന്നും പ്രശാന്ത് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ആയിരുന്നു അത്. സലാറില്‍ വരദരാജ മന്നാറിന്‍റെ ചെറുപ്പം അഭിനയിച്ച കാര്‍ത്തികേയ ദേവക്ക് തന്‍റെ രാജ്യം സമര്‍പ്പിക്കുന്ന രംഗം ആയിരുന്നു അത്.
അപ്പോള്‍ തന്നെ ഞാന്‍ പ്രശാന്തിനെ വിളിച്ചു, അവനെവച്ച് എന്താണോ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്, അത് വേഗം ചെയ്തോ, കാരണം ഞാന്‍ അവനെ കൊണ്ടുപോവുകയാണെന്ന് പറഞ്ഞു. അങ്ങനെയാണ് കാര്‍ത്തികേയയെ എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തത്. അവനൊരു മികച്ച അഭിനേതാവാണ്. അവന്‍ ഇവിടെ ഒരു വലിയ താരമായില്ലെങ്കില്‍ എനിക്ക് നിരാശപ്പെടേണ്ടിവരും,'' പൃഥ്വിരാജ് പറഞ്ഞു.
മാര്‍ച്ച് 27നാണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.