allu-atlee

തെരി, മെർസൽ, ജവാൻ, രാജാ റാണി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് അറ്റ്ലി. ഇപ്പോഴിതാ, പുഷ്പ 2 വിന്‍റെ വിജയത്തിനു ശേഷം അല്ലു അര്‍ജുനും സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകള്‍ പുറത്ത്. സിനിമയുടെ ചിത്രീകരണവും അല്ലു അർജുന്റെ പ്രതിഫലവും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പിങ്ക് വില്ല പുറത്തുവിട്ടത്. 

പുതിയ ചിത്രത്തില്‍ അഭിനയിക്കാനായി അല്ലു അർജുന് 175 കോടിയാണ് പ്രതിഫലം നൽകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്നും 15 ശതമാനവും നിർമാതാക്കൾ അല്ലുവിന് നൽകേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൾക്ക് ഡേറ്റുകളാണ് നടൻ സിനിമയ്ക്കായി അനുവദിച്ചിരിക്കുന്നത്. 

സംവിധായകനായ അറ്റ്ലിക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നത്. 

പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രമെന്നാണ് വിവരം. ഇരട്ട വേഷത്തിലാണ് താരമെത്തുന്നതെന്ന സൂചനയുമുണ്ട്. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന. അറ്റ്ലിയുമായുള്ള സിനിമയ്ക്ക് ശേഷം ത്രിവിക്രം ചിത്രത്തിലാകും അല്ലു അഭിനയിക്കുക. വമ്പൻ ബജറ്റിൽ ഒരു പീരീഡ് ചിത്രമായി ഒരുങ്ങുന്ന സിനിമ 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

ENGLISH SUMMARY:

The latest updates of the movie featuring Allu Arjun and director Atlee have been released