സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്‍റെ എമ്പുരാൻ നാളെ രാവിലെ ആറിന് ആഗോളപ്രദർശനത്തിനെത്തും. റിലീസ് ദിനത്തിൽതന്നെ അമ്പതുകോടി സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമായി എമ്പുരാന്‍ മാറിയെന്ന് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്ക് ആശംസ നേര്‍ന്ന മമ്മൂട്ടിയെത്തി.
റിലീസിങ് കേന്ദ്രങ്ങളിലെല്ലാം ആദ്യ ദിവസത്തെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റുപോയ സിനിമ കാണാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. റിലീസിന് മുൻപുള്ള ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 65കോടിയിലധികം ചിത്രം നേടിയെന്ന കണക്ക് നേരത്തെ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരുന്നു. ഇതുവരെ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകൾക്കപ്പുറം പുറംതിരിഞ്ഞു നിൽക്കുന്ന ആ വില്ലനാരെന്ന ചോദ്യം ഇപ്പോഴും സജീവം.
ഇതിനിടെ നടൻ മമ്മൂട്ടി എമ്പുരാന് ഫെയ്സ്ബുക്കിൽ ആശംസ നേർന്നു. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസും ഗോകുലം മൂവീസുമാണ് നിർമിച്ചത്. വിദേശതാരങ്ങൾ ഉൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.