കെഎൽടി 666...മറക്കാന്‍ പറ്റില്ല ഈ ലാൻഡ് മാസ്റ്റർ കാർ. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ക്ലാസ് എൻട്രി സീനിൽ ദാ ഇവനായിരുന്നു മറ്റൊരു താരം.
സിനിമാ പ്രേമികളുടെ മനസിലേക്ക് വളയം തിരിച്ച് ടോപ് ഗിയറിലാണ് ഈ കറുത്ത കുതിര ഓടിയെത്തിയത്. അണികൾക്കിടയിലൂടെ ലാലേട്ടനും സംഘവും തിയറ്ററുകളെ ഇളക്കിമറിച്ച് നടന്നു വരുമ്പോൾ പിന്നില്‍ സാക്ഷിയായി ഈ വാഹനവും ഉണ്ടായിരുന്നു.
ലൂസിഫർ സിനിമയിൽ ഓരോ കഥാപാത്രത്തിനും കൃത്യമായ ഒരു പ്രൊഫൈലുണ്ട്. 69 വർഷം പഴക്കമുള്ള 1956 മോഡലായ ഈ കറുത്ത ലാൻഡ് മാസ്റ്റർ കാറിനും പറയാനുണ്ട് ഒരു കഥ. കുറേപ്പേർക്കൊക്കെ അത് അറിയാം. സസ്പെൻസൊന്നും അല്ല. നമുക്കൊക്കെ വളരെ പരിചയമുള്ള നടൻ നന്ദുവിന്റെ കാറായിരുന്നു ഇത്.
കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ചാണ് നന്ദു ഈ കാർ യാദൃശ്ചികമായി കാണുന്നത്. കണ്ടപ്പോൾ തന്നെ എന്തോ നന്ദുവിനു ആളെ പെട്ടെന്നങ്ങു ബോധിച്ചു. ഉടന്‍ തന്നെ വാഹനത്തിന്റെ ഉടമസ്ഥനെ കണ്ട് ഡീൽ ഉറപ്പിച്ചു. കാർ നേരെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഓടി. കക്ഷിയെ ഒന്നു മിനുക്കിയെടുക്കാൻ അത്ര എളുപ്പമായിരുന്നില്ല. നന്ദുവിനു നല്ല ചിലവു തന്നെയായിരുന്നു. പുറമേയ്ക്കു കാര്യമായി പണികളൊന്നും ചെയ്തില്ലെങ്കിലും ഇന്റീരിയർ ഉടച്ചു വാർക്കേണ്ടി വന്നു. ഏതാണ്ട് ഒന്നര വർഷത്തോളം ഗാരേജിൽ. ഇപ്പോൾ കണ്ടില്ലേ പളാ പളാന്നു തിളങ്ങുന്നു. ആറു കോട്ട് പെയിന്റാണ് അടിക്കേണ്ടി വന്നത്. ഡീസന്‍ എന്‍ജിനാണ് വണ്ടി. ശരിക്കുള്ള നമ്പർ കെഎൽ ഡി 1435.
ഇനി ഈ വണ്ടിയെങ്ങനെയാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ കയ്യിലെത്തിയത്. അതും ഒരു കഥയാണ്. മൊബൈൽ ഫോണിൽ ഈ കാറിന്റെ ചിത്രം നന്ദു പൃഥ്വിരാജിനു കാണിച്ചു കൊടുത്തു. കണ്ടമാത്രയിൽ പൃഥ്വിയുടെ മനസിൽ ലഡു പൊട്ടി. താൻ അന്വേഷിച്ചു നടന്ന സാധനം ഇതു തന്നെ. കാർ കൊടുക്കുന്നോ എന്നായി പൃഥ്വി. അങ്ങനെ സന്തോഷത്തോടെ നന്ദു അത് പൃഥ്വിരാജിനു നൽകി. കാർ അങ്ങനെ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഉരുണ്ടു. പിന്നെ ഈ ലാൻഡ് മാസ്റ്റർ കാറിനെ കാണുന്നത് സ്ക്രീനിൽ കോരിച്ചൊരിയുന്ന മഴയിൽ. എമ്പുരാനിലും പ്രതീക്ഷിക്കാം, സ്റ്റീഫൻ നെടുമ്പള്ളിയുടെ വിശ്വസ്തനായി ഈ കാർ.