കുട്ടിയായിരിക്കെ സംഭവിച്ച ദുരനുഭവം തുറന്നുപറഞ്ഞ് തമിഴ്–തെലുങ്ക് നടി വരലക്ഷ്മി ശരത്കുമാര്‍. അഞ്ചാറുപേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി പറയുന്നു. ഒരു ചാനലിന്റെ ഭാഗമായുള്ള ഡാന്‍സ് ഷോക്കിടെയാണ് വരലക്ഷ്മി കുട്ടിക്കാലത്തെക്കുറിച്ച് സംസാരിച്ചത്. ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’എന്തെന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടി സംസാരിച്ചു.
ജഡ്ജ് ആയെത്തിയ ഡാന്‍സ്ഷോയില്‍ കെമിയെന്നു പേരായ മത്സരാര്‍ത്ഥിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തന്റെ അനുഭവങ്ങള്‍ നടി തുറന്നുപറഞ്ഞത്. കെമിയ്ക്ക് കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ക്ക് സമാനമായ അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറയുന്നു.
പൊതുമധ്യത്തില്‍ വന്ന് പൊതുവേ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാന്‍ താല്‍പര്യമില്ലാത്ത താന്‍ കെമിയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഷോക്കിടെ നടി പറയുന്നു. തന്റെ പിതാവ് ശരത്കുമാറും ഛായയും ജോലിക്ക് പോവുമ്പോള്‍ തന്നെ മറ്റുള്ളവരുടെ സംരക്ഷണയിലാക്കിയാണ് പോകുന്നതെന്നും അഞ്ചാറുപേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. സംസാരിക്കുന്നതിനിടെ വരലക്ഷ്മി നിയന്ത്രണംവിട്ട് കരയുന്ന വിഡിയോയും പുറത്തുവരുന്നുണ്ട്.
ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഷോക്കിടെ നടി പറയുന്നു. മുതിര്‍ന്ന നടന്‍ ശരത്കുമാറിന്റേയും ഛായയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. മധഗധ രാജയിലാണ് വരലക്ഷ്മി ഒടുവില്‍ അഭിനയിച്ചത്.