ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. സ്പർശ് ശ്രീവാസ്തവ, നിതാൻഷി ഗോയൽ,പ്രതിഭ രന്ത,രവി കിഷൻ,ഛായ കദം തുടങ്ങിയവര്‍ വേഷമിട്ട ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി കൂടിയായിരുന്നു. ചിത്രത്തില്‍ രവി കിഷന്‍ അവതരിപ്പിച്ച എസ്.ഐ.ശ്യാം മനോഹര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വെറ്റില ചവച്ച് നടക്കുന്ന എസ്ഐയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആമിര്‍ ഖാനെയായിരുന്നു. എന്നാല്‍ പിന്നീട് രവി കിഷനിലേക്ക് ഈ വേഷം എത്തുകയായിരുന്നു. ആമിര്‍ഖാനെ ഈ കഥാപാത്രത്തിനായി ഓഡിഷന്‍ ചെയ്യുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
താന്‍ പുതുതായി തുടങ്ങിയ യൂ.ട്യൂബ് ചാനലിലൂടെ ആമിര്‍ഖാന്‍ തന്നെയാണ് വിഡിയോ പങ്കുവെച്ചത്. സിനിമയില്‍ നമ്മള്‍ കാണുന്ന എസ്.ഐ.ശ്യാം മനോഹറിന്‍റെ മാനറിസങ്ങളോടെ അഭിനയിക്കുന്ന പൊലീസ് വേഷത്തിലുള്ള ആമിര്‍ഖാനാണ് വിഡിയോയിലുളളത്. എന്നാല്‍ വിഡിയോ പുറത്തു വന്നതിന് പിന്നാലെ ആ വേഷം കൈകാര്യം ചെയ്യാന്‍ രവി കിഷന്‍ തന്നെയാണ് നല്ലത് എന്ന കമന്‍റുകളുമായാണ് ആമിര്‍ ആരാധകര്‍ ഉള്‍പ്പെടെ രംഗത്ത് വന്നത്. ആമിറിനേക്കാള്‍ മനോഹരമായി എസ്.ഐ ശ്യാം മനോഹറിനെ അവതരിപ്പിച്ചത് രവി കിഷന്‍ ആണെന്നും ആരാധകര്‍ പറയുന്നു.
ഒരു ട്രെയിന്‍ യാത്രയില്‍ പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകള്‍ മാറിപ്പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ലാപതാ ലേഡീസിന്‍റെ പ്രമേയം.ആമിർ ഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്ന് നിര്‍മിച്ച ചിത്രം 25കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു.