എമ്പുരാന്‍ സിനിമയും മോഹന്‍ലാലിന്‍റെ ഖേദപ്രകടനവും വാര്‍ത്തകളില്‍ നിറയവേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വിജയ്യും ഷാരൂഖ് ഖാനും. ഇരുവരുടേയും ചിത്രങ്ങള്‍ക്കെതിരെ ഭീഷണിയും ബോയ്കോട്ട് ആഹ്വാനങ്ങളും ഉയര്‍ന്നിട്ടും സിനിമയില്‍ മാറ്റം വരുത്താതിരുന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വിജയ്യുടെ മെര്‍സല്‍ ഇറങ്ങിയ സമയത്ത് ജിഎസ്ടിയും കേന്ദ്രസര്‍ക്കാരിന് എതിരെയുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ആക്രമണമുണ്ടായിരുന്നു. ചിത്രത്തിലെ മീശ പിരിച്ച പോസ്റ്റര്‍ പങ്കുവച്ചാണ് അന്ന് വിജയ് ആക്രമണങ്ങളോട് പ്രതികരിച്ചത്.
പഠാന്‍ സിനിമ ഇറങ്ങിയ സമയത്ത് നായികയായ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചതും സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങളും ഭീഷണിയും ഉയര്‍ന്നിരുന്നുവെങ്കിലും ബിക്കിനി ഭാഗം നീക്കം ചെയ്യാനോ ഖേദം പ്രകടിപ്പിക്കാനോ അഭിനേതാക്കളോ അണിയറ പ്രവര്‍ത്തകരോ നിന്നില്ല. ചിത്രം 1000 കോടിയിലേറെ നേടുകയും ചെയ്തു.
ഈ സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിജയ്ക്കും ഷാരൂഖിനും ദീപികക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് നിരവധി പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഷെയര്‍ ചെയ്യുകയും ചെയ്തു. മോഹന്ലാലിന്റെ ഖേദ പ്രകടനത്തിലും നാനാ ഭാഗത്തുനിന്നും വിമര്‍ശനമുയരുന്നുണ്ട്.