ഫയല്‍ ചിത്രം
ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലിഖാനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് വന്‍കിട ബിസിനസുകാരനായ ഇക്ബാല്‍ ശര്‍മ അടിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും തിരിച്ച് താരവും മൂക്കിനിടിച്ചെന്നും വെളിപ്പെടുത്തി നടി അമൃ അറോറ ലഡാക്. 2012 ഫെബ്രുവരിയിലാണ് കേസിനടിസ്ഥാനമായ സംഭവമുണ്ടായത്. ഈ കേസില്‍ കോടതിയില്‍ സാക്ഷി പറയുന്നതിനിടെയായിരുന്നു അമൃതയുടെ വെളിപ്പെടുത്തല്‍. സെയ്ഫിനും കുടുംബത്തിനുമൊപ്പം അത്താഴം കഴിക്കുന്നതിനായാണ് താന്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോയതെന്നും അവിടേക്ക് എത്തിയ ശര്‍മ അനാവശ്യമായി ബഹളമുണ്ടാക്കുകയും സെയ്ഫിനെ മര്‍ദിക്കുകയുമായിരുന്നുവെന്നും അമൃത കോടതിയില്‍ മൊഴി നല്‍കി.
കരീന, കരിഷ്മ, മലൈക, കുറച്ച് ആണ്‍സുഹൃത്തുക്കള്‍ എന്നിവരാണ് സംഭവ സമയത്ത് തനിക്കും സെയ്ഫിനും പുറമെ സംഘത്തിലുണ്ടായിരുന്നതെന്ന് അമൃത പറയുന്നു. ഹോട്ടലുകാര്‍ പ്രത്യേകമായി അനുവദിച്ച സ്ഥലത്തായിരുന്നു തങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നതെന്നും അവിടേക്ക് പരാതിക്കാരന്‍ കയറി വരികയും സെയ്ഫിനോട് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ സെയ്ഫ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഗ്ലാസ് വാതിലിന് പുറത്തേക്ക് ചെന്നുവെന്നും അവിടെ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായെന്നും ശര്‍മ സെയ്ഫിനെ തല്ലിയെന്നും സെയ്ഫും തിരിച്ച് തല്ലിയെന്നും മൂക്കിനിടിച്ചെന്നും അമൃത മൊഴി നല്കി. ശാരീരികമായി ആക്രമിക്കുന്നത് കണ്ടതോടെ എല്ലാവരും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റിയെന്നും ശര്‍മ പിന്നെയും അസഭ്യവര്‍ഷം തുടര്‍ന്നുവെന്നും അമൃത പറയുന്നു.
എന്നാല്‍ സെയ്ഫും സുഹൃത്തുക്കളും ഹോട്ടലിലിരുന്ന് ഉറക്കെ സംസാരിക്കുന്നതിനെതിരെ ശര്‍മ പ്രതികരിച്ചുവെന്നും ഇതോടെ താരം ശര്‍മയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്ന് സെയ്ഫിനും സുഹൃത്തുക്കളായ ഷക്കീല്‍ ലഡാകിനും ബിലാല്‍ അമ്രോഹിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തനിക്കൊപ്പമുള്ള സ്ത്രീകളെ ശര്‍മ അസഭ്യം പറഞ്ഞതോടെ താന്‍ പ്രതിരോധിച്ചതാണെന്നായിരുന്നു സെയ്ഫിന്‍റെ വിശദീകരണം.