മുന്‍പ്രണയങ്ങളെ പറ്റി തുറന്നുസംസാരിച്ച് പോപ് താരം സെലീന ഗോമസ്. മുൻപ്രണയബന്ധങ്ങളിൽ താൻ ഒത്തിരിയേറെ പ്രയാസങ്ങൾ അനുഭവിച്ചുവെന്നും തന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ പങ്കാളി ബെന്നി ബ്ലാങ്കോ എളുപ്പത്തിൽ എല്ലാം മനസ്സിലാക്കി കൂടെ നിന്നുവെന്നും സെലീന പറഞ്ഞു. ബ്ലാങ്കോയുടെ ക്ഷമയും സഹനവും തന്നെ അളവറ്റ വിധം സ്വാധീനിച്ചുവെന്നും അവന്റെ ശാന്തമായ പ്രകൃതം എന്റെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തിയെന്നും ഒരു പോഡ്കാസ്റ്റില്‍ സെലീന പറഞ്ഞു.
‘എനിക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. ഇപ്പോൾ ഞാൻ എന്റെ ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ ഞാൻ എടുത്ത തീരുമാനങ്ങളൊന്നും ശരിയായിരുന്നില്ല. മുൻപ്രണയബന്ധങ്ങളിൽ ഞാൻ ഒത്തിരിയേറെ പ്രയാസങ്ങൾ അനുഭവിച്ചു. കടുത്ത വിഷാദത്തിന്റെ വക്കിലെത്തിയ ഞാൻ അവിശ്വസനീയമാംവിധം മനസ്സിനെ തിരിച്ചുപിടിച്ചു. എന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ പങ്കാളി ബെന്നി ബ്ലാങ്കോ എളുപ്പത്തിൽ എല്ലാം മനസ്സിലാക്കി കൂടെ നിന്നു.
എല്ലാ സാഹചര്യങ്ങളിലും ഞാൻ പ്രതികരണശേഷി ഉള്ളവളായിരുന്നു. എന്നാൽ മുൻപ്രണയ ബന്ധത്തിൽ എനിക്കങ്ങനെ സാധിച്ചില്ല. കഴിഞ്ഞ 5 വർഷം ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്. കാരണം, എനിക്ക് ശരിയായ എന്നെ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്റെ കരിയറിലും ബന്ധങ്ങളിലും വൈകാരിക പക്വത എത്രത്തോളും നിർണായകമാണെന്നു ഞാന്‍ മനസ്സിലാക്കി.
മുൻപത്തെ പ്രണയബന്ധത്തിൽ ഞാൻ എങ്ങനെയായിരുന്നോ അത് ഇപ്പോഴത്തെ എന്റെ പങ്കാളി സഹിക്കേണ്ടതില്ല. ഇപ്പോൾ ഞാൻ പക്വത കൈവരിച്ചിരിക്കുന്നു. ബ്ലാങ്കോയുടെ ക്ഷമയും സഹനവും എന്നെ അളവറ്റ വിധം സ്വാധീനിച്ചു. അവന്റെ ശാന്തമായ പ്രകൃതം എന്റെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തി. എല്ലാ സാഹചര്യങ്ങളെയും കൂടുതൽ വ്യക്തവും ശാന്തവുമായ കാഴ്ചപ്പാടോടെ സമീപിക്കാൻ ബ്ലാങ്കോ എന്നെ പഠിപ്പിച്ചു’, സെലീന ഗോമസ് പറഞ്ഞു.