antony-perumbavoor

എംപുരാന്‍ സിനിമയെക്കുറിച്ചുണ്ടായ വിവാദങ്ങളില്‍ സംവിധായകന്‍ പൃഥ്വിരാജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താതെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസിന് മുന്‍പ് മോഹന്‍ലാല്‍ സിനിമ കണ്ടിരുന്നോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ‘കഥ അറിയാമായിരുന്നു’ എന്നുമാത്രമായിരുന്നു കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ആന്‍റണിയുടെ ആവര്‍ത്തിച്ചുള്ള മറുപടി. കഥ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് ഞങ്ങളുടെ ചുമതലയാണെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. അത്തരമൊരു തിരുത്തല്‍ തന്നെയാണ് സിനിമ വീണ്ടും എഡിറ്റ് ചെയ്യാനുള്ള തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാറിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണോ എഡിറ്റ് എന്ന ചോദ്യത്തിന് ‘നാളെ മറ്റൊരു സിനിമയെടുക്കുമ്പോള്‍ വേറൊരു പാര്‍ട്ടിക്ക് വിഷമമുണ്ടായെന്ന് പറഞ്ഞാലും സ്വാഭാവികമായി നമ്മള്‍ അത് പരിഗണിക്കേണ്ടിവരും.’ എന്നായിരുന്നു ആന്‍റണിയുടെ വിശദീകരണം. ‘മുന്‍കാലങ്ങളിലും ഇതെല്ലാം നടന്നിട്ടുണ്ട്. ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് വിഷമമുണ്ടായാല്‍പ്പോലും അതിനെ ഒരുപോലെ സമീപിക്കണമെന്ന് വിശ്വസിച്ച് ജീവിക്കുന്ന ആളുകളാണ് ഞങ്ങളെല്ലാവരും.’ ഞങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത് താന്‍ നിര്‍മിക്കുന്ന സിനിമയുമായി അസോസിയേറ്റ് ചെയ്യുന്ന എല്ലാ ആള്‍ക്കാരെയും ഉള്‍പ്പെടുത്തിയാണെന്നും ആന്‍റണി പറഞ്ഞു.

വിവാദത്തെക്കുറിച്ചോ റീ എഡിറ്റിനെക്കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ സിനിമയുടെ എഴുത്തുകാരന്‍ മുരളി ഗോപി പ്രതികരിക്കാത്തതില്‍ വ്യക്തമായ വിശദീകരണം നല്‍കാനും ആന്‍റണിക്കായില്ല. മുരളി ഗോപിക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ലെന്ന് ഞാന്‍ എന്ന വ്യക്തി മനസിലാക്കുന്നു, അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്ന് വിശ്വസിക്കുന്നില്ല’ എന്നായിരുന്നു മറുപടി. മോഹന്‍ലാലിന്‍റെ ഖേദപ്രകടനം ഉള്‍പ്പെട്ട പോസ്റ്റ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തതിനെക്കുറിച്ച് ‘അദ്ദേഹം നാളെ ഷെയര്‍ ചെയ്തില്ലെങ്കിലും അതിന് സമ്മതമുണ്ട് എന്ന് വിചാരിക്കുക’ എന്നുമാത്രം ആന്‍റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.

ആന്‍റണി പെരുമ്പാവൂര്‍ കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിച്ചതിന്‍റെ പൂര്‍ണരൂപം:

എന്തുകൊണ്ടാണ് എഡിറ്റ് ചെയ്യുന്നത്? ഭയന്നിട്ടാണോ? : അല്ല. ഇതില്‍ ഭയമെന്നുള്ളതല്ല. നമ്മള്‍ ഒരു സമൂഹത്തില്‍ ജീവിക്കുന്നതാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളരെ ദ്രോഹിക്കാനോ മറ്റാര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്ന കാര്യങ്ങളോ ജീവിതത്തില്‍ ചെയ്യരുതെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഒരു ഗ്രൂപ്പല്ല ഞങ്ങളാരും. മോഹന്‍ലാല്‍ സാറും അതെ, പൃഥ്വിരാജും അതെ...എന്‍റെ അനുഭവത്തില്‍ ഇതുവരെ അങ്ങനെ ഒരു സംഭവവും ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ കേട്ടിട്ടില്ല. അങ്ങനെയുള്ള ഒരു അസോസിയേഷനിലും ഞങ്ങള്‍ പോയിട്ടില്ല.

ഈ സിനിമ വന്നപ്പോള്‍ ഏതെങ്കിലും ആളുകള്‍ക്ക് അതില്‍ സങ്കടമുണ്ടായെങ്കില്‍, ആ സങ്കടത്തെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്തം ഒരു സിനിമാ നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും സംവിധായകനും അതില്‍ അഭിനയിച്ച ആളുകള്‍ക്കും ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ വിശ്വാസത്തിന്‍റെ പേരില്‍ ഞങ്ങളുടേതായ ഒരു തീരുമാനമാണ്, ഞങ്ങള്‍ കൂട്ടായി എടുത്ത ഒരു തീരുമാനമാണ്, അതുവഴിയാണ് ഈ എഡിറ്റ് നടന്നിരിക്കുന്നത്. അത് രണ്ട് മിനിറ്റും ഏതാനും സെക്കന്‍റുകളും മാത്രമാണ് ആ സിനിമയില്‍ നിന്ന് മാറ്റിയിരിക്കുന്നത്. ഇത് വേറെ ആരുടെയും നിര്‍ദേശപ്രകാരമൊന്നുമല്ല, ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെ ചെയ്തിരിക്കുന്നതാണ്. ഇനി ഫ്യൂച്ചറിലായാലും നമ്മള്‍ ഒരു കാര്യം ചെയ്തുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായാല്‍ അതിനെ അതുപോലെ തന്നെ സമീപിക്കണമെന്ന് വിശ്വസിച്ച് ജീവിക്കുന്ന ആളുകളാണ് ഞങ്ങളെല്ലാവരും. 

വില്ലന്‍റെ പേരടക്കം മാറ്റുന്നുണ്ടോ?: അത് അങ്ങഃെ വലിയ പ്രോബ്ലം ഉള്ള കാര്യമൊന്നുമല്ല. അങ്ങനെ ആരുടെയും ആവശ്യമാണ് എന്ന് പറയാന്‍ പാടില്ല.  സിനിമ ഉണ്ടാകുന്ന സമയത്ത് എല്ലാം  മുന്‍കാലങ്ങളിലും നടന്നിരിക്കുന്നതാണ്. ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും, ഇത് ഒരു പാര്‍ട്ടി അല്ലാതെ തന്നെ ഒരു വ്യക്തിക്ക് ഒരു വിഷമമുണ്ടായാല്‍പ്പോലും നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കുകയും തിരുത്തുകയും ചെയ്യണമെന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പില്‍പ്പെട്ട ആള്‍ക്കാരാണ് ഞങ്ങള്‍.

വില്ലന്‍റെ അടക്കം പേര് മാറ്റുമോ?: സിനിമ വരുന്ന സമയത്ത് നമ്മള്‍ അത് മുന്‍കൂട്ടി പറയേണ്ട കാര്യമില്ലല്ലോ. വളരെ ചെറിയ കാര്യങ്ങള്‍ മാത്രമേ അതിനകത്തുള്ളു.

എഡിറ്റ് ചെയ്ത സിനിമ എപ്പോള്‍ റിലീസ് ചെയ്യും?: ഇന്ന് വരാന്‍ സാധ്യതയുണ്ട്. ഇന്നുതന്നെ വരും.

മോഹന്‍ലാല്‍ പ്രിവ്യൂ കണ്ടിരുന്നോ?: തീര്‍ച്ചയായിട്ടും, ഞങ്ങള്‍ ഒന്നിച്ച്... സിനിമ ഇറങ്ങിക്കഴിയുന്ന സമയത്ത് ജനങ്ങള്‍ എല്ലാവരും അതിനെ വളരെയധികം സ്വീകരിക്കുകയും ഏതൊരു സാധാരണക്കാരന് ഒരു വിഷമമുണ്ടായാല്‍പ്പോലും അതിനെ തിരുത്തണമെന്ന് ചിന്തിക്കുകയും ചെയ്യുന്ന ആള്‍ക്കാരാണ് ഞങ്ങള്‍ എല്ലാവരും. ഞങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത് ഞാന്‍ നിര്‍മിക്കുന്ന സിനിമയുമായി അസോസിയേറ്റ് ചെയ്യുന്ന എല്ലാ ആള്‍ക്കാരെയും ഉള്‍പ്പെടുത്തിയാണ് പറയുന്നത്. 

എഴുത്തുകാരന് വിയോജിപ്പുണ്ടെന്ന വാര്‍ത്തയെക്കുറിച്ച്?: അങ്ങനെ വിയോജിപ്പുകള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അങ്ങനെ ഒരു വിയോജിപ്പ് ഒരാള്‍ക്കുണ്ടായിക്കഴിഞ്ഞാല്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലല്ലോ അത്. എല്ലാവരുടെയും സമ്മതം അതിന് ആവശ്യമാണ്. ഈ സമ്മതത്തിലൂടെ തന്നെ ചെയ്യുന്ന കാര്യമാണത്. ഇതില്‍ അങ്ങനെ ഒരു വിവാദത്തിനും ഇടമില്ല.

മോഹന്‍ലാല്‍ ഇതിന്‍റെ പ്രിവ്യൂ കണ്ടിരുന്നോ?: മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥയറിയാം, എനിക്കറിയാം, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അത് അറിയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങളാരും പറഞ്ഞിട്ടില്ല.

മേജര്‍ രവി പറഞ്ഞിട്ടുണ്ടല്ലോ?: ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് പറ്റാത്ത കാര്യമാണ്. എനിക്ക് എന്നോട് പറയേണ്ടേ...

പൃഥ്വരാജിനെ ഒറ്റപ്പെടുത്തുന്നുണ്ടോ?: ഒരിക്കലും ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. കാരണം ഞങ്ങള്‍ എത്രയോ വര്‍ഷമായി അറിയാവുന്ന ആള്‍ക്കാരാണ്. ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ നിര്‍മിക്കണമെന്നും ഈ സിനിമ വരണമെന്നുമുള്ളത്. ഈ സിനിമയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വിശ്വസിച്ചാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ആളുകള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നത്.

മോഹന്‍ലാലിന് ഈ സിനിമയെക്കുറിച്ച് അറിയില്ല എന്നതാണ് ഒരു വലിയ ചര്‍ച്ചയായി തുടരുന്നത്..?: അങ്ങനെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ മനസിലീക്കിയിട്ടുള്ളതാണ്. അങ്ങനെ ഞങ്ങള്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതിനെ കറക്ട് ചെയ്യുക എന്നത് ഞങ്ങളുടെ ഡ്യൂട്ടിയാണ്.

അങ്ങനെ തെറ്റായിപ്പോയെന്ന് പറയേണ്ട കാര്യമില്ല. കാരണം ഒരു തെറ്റ് ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ ഇതുവരെ സിനിമ എടുത്തിട്ടില്ല. ഞങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നതുകൊണ്ടാണല്ലോ ഞങ്ങള്‍ അങ്ങനെ ചെയ്തിരിക്കുന്നത്.

സംഘപരിവാറിന്‍റെ ഭീഷണി മൂലമാണ് തിരുത്തല്‍ എന്നാണല്ലോ പറയുന്നത്?: അങ്ങനെ പറയരുത്. ഇത് ആരുടെയും ഭീഷണിയായിട്ടോ മറ്റെന്തെങ്കിലും കാര്യമായിട്ടോ അതിനെ കാണരുത്. അങ്ങനെ വേറൊരാളുടെ സംസാരം കാരണമല്ല ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ ഈ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം സന്തോഷമായി ജീവിച്ചുപോകുന്നവരാണ്. അതിലൂടെ ഉണ്ടായ, ഞങ്ങളുടെ ശരി എന്നുതോന്നുന്ന രീതിയില്‍ ഞങ്ങള്‍ അതിനെ കറക്ട് ചെയ്തു എന്നേയുള്ളു.

മോഹന്‍ലാല്‍ ആദ്യമായി സിനിമ കണ്ടത് കവിത തിയറ്ററില്‍ വച്ചാണോ?: ഇത് ഒരു വിവാദമായി കൊണ്ടുപോകേണ്ട കാര്യമില്ല. ഇത് കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തെ മുഴുവന്‍ ജനങ്ങളുടെ ഈ സിനിമയെ വളരെയധികം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. ആ സമയത്ത് നമ്മള്‍ പറയുന്നു, ഒരു പാര്‍ട്ടിയുടെയല്ല, ഒരു വ്യക്തിയുടെ സങ്കടമുണ്ടായാല്‍പ്പോലും അതിനെ പരിഗണിക്കേണ്ട ആളുകള്‍ ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. അക്കാര്യം മനസിലാക്കിയിട്ട്, ഞങ്ങള്‍ക്ക് ശരി എന്ന് തോന്നിയ കാര്യം മാത്രമാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. വേറെ ആരുടെയും സമ്മര്‍ദമില്ല.\

എന്തെങ്കിലും സമ്മര്‍ദം നിങ്ങള്‍ക്കുമേലുണ്ടായിട്ടുണ്ടോ?: ഞങ്ങള്‍ കുറച്ചുദിവസമായി കേള്‍ക്കുന്നത് സമ്മര്‍ദം ഉണ്ടായിട്ട് ചെയ്യുന്നു എന്നാണ്. ഞങ്ങള്‍ക്ക് മറ്റാരെയും ദ്രോഹിക്കാന്‍ ഉദ്ദേശമില്ല. 

സംഘപരിവാറിന് പ്രശ്നമുള്ള സീനുകള്‍ മാത്രം കട്ട് ചെയ്യുന്നതിനെക്കുറിച്ച്?: അങ്ങനെയല്ല. നാളെ മറ്റൊരു സിനിമയെടുക്കുമ്പോള്‍ വേറൊരു പാര്‍ട്ടിക്ക് വിഷമമുണ്ടായെന്ന് പറഞ്ഞാലും സ്വാഭാവികമായി നമ്മള്‍ അതിനെ കണ്‍സിഡര്‍ ചെയ്യേണ്ടിവരും. 

ആവിഷ്കാരസ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ?: അങ്ങനെയല്ലാതെ ഇതിനെ വളരെ പോസിറ്റിവ് ആയി എടുത്താല്‍ മതി. ഇതിനെ നന്നായിട്ട് എടുത്താല്‍ മതി.

വിവാദങ്ങള്‍ പടത്തിന് ഗുണം ചെയ്തോ?: സിനിമ നമ്മള്‍ ഉദ്ദേശിച്ചപോലെ ‍ജനങ്ങള്‍ സ്വീകരിക്കുന്നു എന്നുപറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ കാര്യം. വളരെ നന്നായി ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

എമ്പുരാന് മൂന്നാംഭാഗം ഉണ്ടാകുമോ?: തീര്‍ച്ചയായും മൂന്നാംഭാഗം ഉണ്ടാകും. 

സൈബര്‍ ആക്രമണത്തില്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ?: നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതല്ലേ? ഇതുപോലുള്ള കാര്യങ്ങളിലൂടെയാണല്ലോ നമ്മള്‍ എല്ലാവരും ജീവിച്ചുപോകുന്നത്.

പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെക്കുറിച്ച്?: ഒരിക്കലും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല. പൃഥ്വിരാജും ഞങ്ങളും എല്ലാം ഒന്നായിട്ട് എടുത്ത തീരുമാനമാണ് ഈ സിനിമ. ആ തീരുമാനത്തില്‍ മുരളി ഗോപിയും ഉണ്ട്.

മുരളി ഗോപിക്ക് അതൃപ്തിയുണ്ടോ?: ഇല്ല. ഞാന്‍ എന്ന വ്യക്തി മനസിലാക്കുന്നു, അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. ഞാന്‍ സംസാരിച്ചു. അതില്‍ ആരുടെയും സമ്മര്‍ദമല്ല. നമ്മുടെ ജീവിതയാത്രത്തില്‍ മറ്റുള്ള ആര്‍ക്കെങ്കിലും വിഷമമുണ്ടായാല്‍ അതിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കാണ്.

ഈ ഖേദപ്രകടനം മുരളി ഗോപിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞോ?: മോഹന്‍ലാലിന്‍റെ പോസ്റ്റ് അദ്ദേഹം നാളെ ഷെയര്‍ ചെയ്തില്ലെങ്കിലും അതിന് സമ്മതമുണ്ട് എന്ന് വിചാരിക്കുക.

ENGLISH SUMMARY:

In the controversy surrounding the movie Empuraan, producer Antony Perumbavoor avoided providing clarity on the accusations against director Prithviraj. When repeatedly asked if Mohanlal had watched the film before its release, Antony's only response was that Mohanlal was aware of the story, and if there were any issues with understanding it, the team would take responsibility to correct them. Antony also explained that the decision to re-edit the film was a result of such issues. When questioned whether the film's re-edit was due to pressure from right-wing groups, Antony stated that if a different party were to express discomfort with a film in the future, it would be naturally considered. He emphasized that the team believes in addressing any discomfort caused by a movie and that this has happened in the past as well. When asked about screenwriter Murali Gopy's lack of response to the controversy and the re-edit, Antony could not provide a clear explanation. Regarding the issue of Murali Gopy not sharing Mohanlal's apology post, Antony simply stated that even if Gopy did not share the post, it did not imply disagreement.