sabarmati-film

എമ്പുരാന് ബദലായി ഗോധ്ര കലാപം പ്രമേയമായ ‘ദ സാബര്‍മതി റിപ്പോര്‍ട്സ്’  എന്ന സിനിമ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനല്‍ ഒരുങ്ങുന്നു. തിങ്കളാഴ്ച തിരുവനന്തപുരം എരീസ് പ്ലക്സിലാണ് ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് മറ്റിടങ്ങളിലും കാണിക്കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം നവംബറില്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ദ സാബര്‍മതി റിപ്പോര്‍ട്സ്  എന്ന ചിത്രം അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിബിസിയുടെ നിരോധിച്ച ഡോക്യുമെന്ററി കേരളത്തില്‍ കോണ്‍ഗ്രസ്–സി.പി.എം പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വിക്രാന്ത് മാസി, റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എമ്പുരാന്‍ ചിത്രത്തിന്റെ റിലീസിനു പിന്നാലെ വന്ന വിവാദത്തെത്തുടര്‍ന്ന് വെട്ടിമാറ്റിയ രൂപത്തിലുള്ള സിനിമയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എമ്പുരാനില്‍ നിറഞ്ഞുനിന്നത്.  വില്ലന്റെ പേരുമാറ്റി മൂന്നുമിനിറ്റില്‍ താഴെയാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയിരിക്കുന്നത്. ഗര്‍ഭിണിയെ ഉപദ്രവിക്കുന്ന ഭാഗമടക്കമാണ് വെട്ടിമാറ്റിയിരിക്കുന്നത്.

രണ്ട് മണിക്കൂര്‍ 59 മിനിറ്റായിരുന്നു നേരത്തേ എമ്പുരാന്‍. സിനിമയുടെ റിലീസിനു പിന്നാലെ വന്ന പ്രതിഷേധത്തെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും മേജര്‍ രവിയുടെ പ്രതികരണവുമടക്കം വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ മല്ലിക സുകുമാരനും പ്രതികരിച്ചു രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

An online channel supporting the Sangh Parivar is preparing to screen The Sabarmati Reports, a film based on the Godhra riots, as a free alternative to Empuraan. The first screening will take place on Monday at Aries Plex in Thiruvananthapuram, with plans to showcase it in other locations as well.