തന്‍റെ പോസ്റ്റിന് വന്ന വിമര്‍ശന കമന്‍റിന് മറുപടി നല്‍കി നടി മാളവിക മോഹനന്‍. മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയിലെ ഷൂട്ടിനിടക്കുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഈ പോസ്റ്റിലാണ് ഒരാള്‍ കമന്‍റ് ചെയ്തത്. '65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്' എന്നായിരുന്നു ഒരു കമന്‍റ്. ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. 'കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ'' എന്നാണ് മാളവിക മറുപടി നല്‍കിയത്.
ഒരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ഹാസ്യത്തിന് പ്രാധാന്യമുള്ള, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന്‍റെ തിരക്കഥ. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.