സൂപ്പര്‍ മെഗാഹിറ്റായിരുന്ന വിക്രം ചിത്രത്തിലെ നായിക സദയെ തെന്നിന്ത്യ മറക്കില്ല. അയ്യങ്കാര വീട്ട് അഴകായും അണ്ടങ്കാക്ക കൊണ്ടക്കാരിയായും കുമാരിയായും ചിത്രത്തില്‍ നിറഞ്ഞാടിയ നായികയെയും വിക്രമിനൊപ്പം സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു.  ഒരു പിടി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഗംഭീരമാക്കിയ സദ ഇപ്പോള്‍ എന്തു ചെയ്യുന്നു? നിങ്ങളുടെ ഹീറോയിന്‍ കാട്ടില്‍ വന്യമൃഗങ്ങള്‍ക്കു പിന്നാലെയാണ് എന്നാണ് മറുപടി.

സദ സയീദ് എന്നാണ് നായികയുടെ ശരിയായ പേര്. കുറച്ചു കാലമായി സദ പൂര്‍ണമായും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളിലുമാണ്.  പ്രകൃതിയിലെ അത്യപൂര്‍വ നിമിഷങ്ങളും വന്യമൃഗങ്ങളുടെ അപൂര്‍വ ചിത്രങ്ങളും സദയുടെ കൈയൊപ്പോടെ ലോകം കാണുന്നു.

വെറുതേ വന്യമൃഗങ്ങളുടെ ചിത്രങ്ങളെടുത്തു നടക്കുകയല്ല സദ.  ഇനിയും ലോകം കണ്ടിട്ടില്ലാത്ത പ്രകൃതിയുടെ മനോഹാരിത ചിത്രീകരിച്ചു കൊണ്ട് അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ്. പൂര്‍ണസമര്‍പ്പണബോധത്തോടെയാണ് സദ പ്രകൃതിസംരക്ഷണപ്രവ‍ര്‍ത്തനങ്ങള്‍ക്കായി നിരന്തരം പ്രവര്‍ത്തിക്കുന്നത്. താരപദവിയും ലോകശ്രദ്ധയും പൂര്‍ണമായും പ്രകൃതി നേരിടുന്ന വെല്ലുവിളികള്‍ ശ്രദ്ധിക്കപ്പെടാനായാണ് സദ ഉപയോഗിക്കുന്നത്. വന്യജീവികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മിക്കുന്നു, സാധ്യമായ അവസരങ്ങളിലെല്ലാം സുസ്ഥിര വികസനത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുന്നു. തബോ‍ഡ–അന്ധേരി കടുവാ സങ്കേതത്തിലെ മിക്കവാറും എല്ലാ കടുവകളുടെയും പേരും ജീവിതചര്യകളും സദയ്ക്കറിയാം. അത്യപൂര്‍വമായി മാത്രം ക്യാമറയ്ക്കു മുന്നില്‍ കിട്ടുന്ന കരടികളും അപൂര്‍വയിനം പക്ഷികളുമെല്ലാം സദയുടെ ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

വന്യജീവിഫോട്ടോഗ്രോഫിയില്‍ അസാധാരണമായ പ്രതിഭ തുളുമ്പുന്ന ചിത്രങ്ങളാണ് സദയുടേത്. അതേ സമയം തന്നെ വിട്ടുവീഴ്ചയില്ലാതെ പ്രകൃതിസംരക്ഷണപരിപാടികളും ആസൂത്രണം ചെയ്യുന്നു. ആര്‍ട്ടും ആക്റ്റിവിസവും ഒരേ പാഷനോടെ കോര്‍ത്തിണക്കുകയാണ് സദ. കുറച്ചു കൂടി കാരുണ്യമുള്ള ലോകത്തിനായാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. സദവൈല്‍ഡ്‍ലൈഫ്ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റാ പേജിലും സദവൈല്‍ഡ്സ്റ്റോറീസ് എന്ന യൂട്യൂബ് അക്കൗണ്ടിലുമായാണ് ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത്.

2002ല്‍ ജയം രവിക്കൊപ്പം ജയം എന്ന ചിത്രത്തിലൂടെയാണ് സദ അഭിനയരംഗത്തെത്തുന്നത്. എതിരിയില്‍ മാധവന്റെ നായികയായും അന്യന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തില്‍ വിക്രമിന്റെ നായികയായും സിനിമയില്‍ ചുവടുറപ്പിച്ചു. അന്യനില്‍ നായകനൊപ്പം തന്നെ പ്രാധാന്യമുള്ള റോളായിരുന്നു നായികയ്ക്കും. നോവല്‍ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി മലയാളത്തിലുമെത്തി. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശിയാണ് .

ENGLISH SUMMARY:

After stepping away from acting, Sada has found a new passion in wildlife photography. His stunning photographs of nature and wildlife have been receiving attention for their beauty and the powerful stories they tell. Sada’s transition from actor to photographer reflects his deep connection with nature and the desire to capture it through his lens