തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയായിരുന്നു കനക. സിദ്ദിഖ് സംവിധാനം ചെയ്ത 'ഗോഡ്ഫാദറി'ലെ മാലു എന്ന കഥാപാത്രം മുതൽ ഏഴര പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, വാർധക്യ പുരാണം, പിൻഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള ഒട്ടുമിക്ക സിനിമകളും കനകയുടെ വേഷങ്ങളും വലിയ ഹിറ്റ് ആയിരുന്നു. 2000ലാണ് കനക അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുന്നത്. കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു താരം. അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചർച്ചയായി. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകനായ സബിത ജോസഫ് കനകയെ പറ്റി കൊടുത്ത അഭിമുഖമാണ് സൈബറിടത്ത് വൈറല്‍. അമ്മയുടെ മരണമായിരുന്നു കനകയുടെ ജീവിതം തകര്‍ത്ത് കളഞ്ഞത്. വിവാഹം പോലും കഴിക്കാതെ ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുകയാണ് അവര്‍. ശരിക്കും പുറംലോകവുമായി യാതൊരു ബന്ധവും കാത്തുസൂക്ഷിക്കാതെ ഒരു പ്രേതത്തെ പോലെയാണ് കനകയുടെ ഇപ്പോഴത്തെ ജീവിതമെന്നാണ് സബിത ജോസഫ് പറയുന്നത്.
‘അമ്മ ജീവിച്ചിരുന്ന കാലത്ത് കനക സന്തോഷവതിയായിരുന്നു. അമ്മ മരിച്ചതോടെ പ്രതിസന്ധിയിലായി. നടിമാരെ സംബന്ധിച്ചിടത്തോളം അവര്‍ ഒരു റൂമിനകത്ത് ഇരിക്കുകയുള്ളു. അതാണ് അവരുടെ ലോകം. പുറത്ത് എന്താ നടക്കുന്നതെന്ന് അവര്‍ക്കറിയില്ല. നടിമാരായ ശോഭ, സില്‍ക്ക് സ്മിത തുടങ്ങിയവര്‍ക്കൊന്നും പുറത്ത് നടക്കുന്നതെന്താണെന്ന് അറിയില്ലായിരുന്നു. അവരുടെ മാര്‍ക്കറ്റ് വല്യൂ എന്താണെന്നോ എത്ര പ്രതിഫലം ലഭിക്കാറുണ്ടെന്നോ അവര്‍ക്ക് അറിയില്ല. അതൊക്കെ മാനേജര്‍മാരാണ് കൈകാര്യം ചെയ്തിരുന്നത്. അമ്മയെ ചതിച്ചത് അച്ഛനാണെന്ന ദേഷ്യം കനകയ്ക്കുണ്ട്. അവരിപ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഒരു പ്രേതത്തെ പോലെയാണ് ജീവിക്കുന്നത്’ സബിത ജോസഫ് പറഞ്ഞു.
തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടി ദേവികയുടെ മകളായിട്ടാണ് കനക അഭിനയ ലോകത്തേക്ക് എത്തിയത്. കരകാട്ടക്കാരൻ എന്ന ആദ്യ ചിത്രം വൻ ഹിറ്റായി. തുടർന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം അവസരങ്ങൾ ഒഴുകിയെത്തി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനക ചെറുതായിരിക്കുമ്പോൾ തന്നെ ദേവികയും ഭർത്താവ് ദേവദാസും വേർപിരിഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും ഒറ്റയ്ക്കുള്ള ജീവിതമായി. അമ്മ മരണപ്പെട്ടതോടെ ആരുമില്ലാത്ത അവസ്ഥയിൽ കനക മാനസികമായി തകർന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞത്. 2000–ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.