എമ്പുരാന്‍ വിവാദങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി റാപ്പര്‍ വേടന്‍. അടുത്തിടെ പാടിയ വേദിയില്‍ വച്ച് വേടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണെന്നും വിദ്യാര്‍ഥികളിലാണ് പ്രതീക്ഷയെന്നും വേടന്‍ പറഞ്ഞു.
'സിനിമ ചെയ്തതിനൊക്കെ ഇ.ഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളു. കോളേജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ. കാരണം നിങ്ങൾ മാത്രമേ ഉള്ളൂ ഇനി. കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാർത്തകൾ എല്ലാം വായിക്കുന്നില്ലേ. അറുബോറായിട്ടാണ് കാര്യങ്ങൾ പോകുന്നത്. നിങ്ങളിൽ മാത്രമേ ഹോപ്പ് ഉള്ളൂ,' വേടൻ പറഞ്ഞു.
എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ സഹനിര്‍മാതാവായ ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധനയും തൊട്ടടുത്ത ദിവസം ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 2022 ഡിസംബറില്‍ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയത്. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കഴിഞ്ഞമാസമാണ് നോട്ടിസയച്ചതെന്നും എമ്പുരാന്‍ ഇഫക്ടല്ലെന്നുമാണ് ആദായനികുതി വകുപ്പിന്‍റെ വിശദീകരണം. ആന്‍റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരുടെ സ്ഥാപനങ്ങളും പരിശോധിച്ചിരുന്നു.