‘എമ്പുരാൻ’ സിനിമയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. എമ്പുരാന്‍ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്നും സിനിമ നിറയെ കൊലപാതകങ്ങളും വയലൻസാണെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു. കേരളത്തിലെ ബിജെപി അല്ലെങ്കിൽ കാവി കേരളത്തിനകത്ത് കടക്കാൻ പാടില്ല, കടന്നു കഴിഞ്ഞാൽ കേരളം നശിക്കും എന്ന രീതിയിൽ കാണിക്കുന്ന കുറെയധികം ചുറ്റുപാടുകള്‍ സിനിമയില്‍ വരുന്നുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
ശ്രീലേഖ പറഞ്ഞത്
വർഷങ്ങൾക്കു മുൻപ് നടന്ന ഗോധ്ര കലാപത്തെ മുഴുവൻ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയത്, സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നി, ഇവിടെ ‘മാർക്കോ’ എന്ന സിനിമ ഇറങ്ങിയപ്പോൾ ആളുകൾ എല്ലാരും ഏറ്റവും കൂടുതൽ പ്രതിഷേധം പറഞ്ഞിരുന്നത് അതിന്റെ വയലൻസ് ആയിരുന്നു. എന്നാൽ ഏകദേശം അതുപോലെയൊക്കെയുള്ള വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആളുകൾ ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല. ‘ലൂസിഫർ’ കുറച്ചു നല്ല സിനിമ ആയിരുന്നതുകൊണ്ടും അതിൽ മോഹൻലാലിനെ എനിക്ക് ഇഷ്ടമായതുകൊണ്ടും പൃഥ്വിരാജിനെ പൊതുവേ ഒരു നല്ല നടനായിട്ട് ഞാൻ കണക്കാക്കുന്നത് കൊണ്ടും ഒക്കെയാണ് ഈ സിനിമ പോയി കാണാമെന്ന് വിചാരിച്ചത്
കുട്ടികളുടെ അക്രമ സ്വഭാവം സിനിമയിൽ നിന്ന് ഇൻഫ്ലുവൻസ്ഡ് ആയി, വരുന്നതല്ല അവരുടെ വീട്ടിലും സമൂഹത്തിലും ഒക്കെ കാണുന്ന ചില കാര്യങ്ങൾ അവരുടെ മനസ്സിൽ ആഴത്തിൽ ചെറിയ പ്രായം തൊട്ട് പതിഞ്ഞ് ഉള്ളിൽ ഉറങ്ങി കിടക്കുന്ന അതുപോലെയുള്ള വികാരങ്ങൾ കൃത്യസമയത്ത് പുറത്തുവരുന്നതാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. പക്ഷേ തീർച്ചയായും സിനിമയിലൂടെ ഇത്തരം വയലൻസിനെ മഹത്വവൽക്കരിക്കുമ്പോൾ ചിലരുടെ ഇടയിലെങ്കിലും ഒരു ചെറിയ ഇൻഫ്ലുവൻസും ഒക്കെ വരാം. ഏതൊരു സാഹിത്യസൃഷ്ടിയും സിനിമയും സമൂഹത്തിന് ഒരു നല്ല മെസ്സേജ് കൊടുക്കേണ്ടതായിരിക്കണം. പക്ഷേ കുറച്ചു നാളുകളായി സിനിമയിലെ നായകന്മാര്‍ ഏറ്റവും വലിയ വില്ലന്മാരും ഏറ്റവും വലിയ കൊലയാളികളും അധോലോക നായകന്മാരും ഒക്കെ ആയിട്ട് അതിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ സിനിമ എടുക്കുമ്പോൾ അത് കാണുന്ന എനിക്ക് കുറച്ചൊക്കെ വിഷമം തോന്നിയിട്ടുണ്ട്
ഒരു പൊലീസ് ഓഫിസർ ആയി ജോലി ചെയ്തിട്ടുള്ളതുകൊണ്ടായിരിക്കും എനിക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള ഒരു നായക നടന്മാരിൽ ഒരാളായിരുന്നു മോഹൻലാൽ. ആയിരുന്നു എന്ന് ഞാൻ പറയുന്നതിന്റെ കാരണം ‘എമ്പുരാൻ’ കൊണ്ട് മാത്രമല്ല അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള പല സിനിമകളും വലിയ വലിയ നിരാശയാണ് എനിക്ക് നൽകിയിട്ടുള്ളത്. ‘എമ്പുരാൻ’ ഇന്റർനാഷനൽ ലെവൽ ഉള്ള ഒരു സിനിമയാണ് 180–200 കോടി രൂപ ചെലവാക്കിയ മലയാളം സിനിമ, നല്ല കാസ്റ്റിങ്. പിന്നെ ‘ലൂസിഫർ’ എന്നുള്ള സിനിമ കണ്ടപ്പോൾ എനിക്ക് വലുതായിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും വീണ്ടും ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ ഒന്നും കൂടെ കണ്ടപ്പോൾ അതിനകത്തെ ചില കാര്യങ്ങൾ കൊള്ളാമെന്ന് തോന്നി. പൊളിറ്റിക്സ് ആണ് പ്രധാനമായും, അതുപോലെ മോഹൻലാൽ ഒരു അധോലോക നായകൻ എന്ന് ആദ്യം തൊട്ടേ പറയുന്നുണ്ട്. ആദ്യത്തെ സീൻ തന്നെ അബ്രാം ഖുറേഷി എന്നുള്ള ഒരു വാക്കിലാണ് തുടങ്ങുന്നത് അപ്പോ അത് ആരാണെന്ന് ഒരു ഐഡിയ കിട്ടും. അവസാനം അത് പറയുമ്പോഴും അത് ഉറപ്പിക്കുന്ന രീതിയിലാണ്. ഇപ്പോഴത്തെ പൊളിറ്റിക്സ് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തുറന്നു കാട്ടിയിരുന്ന ഒരു സിനിമയായിരുന്നു ലൂസിഫർ.
‘എമ്പുരാൻ’ ഇറങ്ങി രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത്, കട്ട് ചെയ്ത എഡിഷൻ ഒക്കെ ഇറങ്ങുന്നതിനു മുമ്പ്. വയലൻസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ കയ്യും കാലും വെട്ടുന്നത്, തീയിൽ വെന്തു മരിക്കുന്നത്, ആളുകൾ ബോംബ് പൊട്ടി ചിന്നഭിന്നമായി മാറുന്നത്, ഗർഭിണിയെ റേപ്പ് ചെയ്യുന്ന സീന്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്ന സീനുകൾ അങ്ങനെ വളരെ വലിയ വയലൻസ് ഉള്ള ഒരു സിനിമയാണ് ഇത്. ഇതിനകത്ത് ഉടനീളം പറയാൻ ഉദ്ദേശിക്കുന്ന ഒരു വലിയ മെസ്സേജ് യാദൃച്ഛികമായി വന്ന മെസ്സേജ് അല്ല എന്നാണ് എന്റെ അഭിപ്രായം. ഇത് മനഃപൂർവം നമ്മുടെ കേരള രാഷ്‌ടീയത്തെ അല്ലെങ്കിൽ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി, കേരളത്തിലെ ബിജെപി അല്ലെങ്കിൽ കാവി കേരളത്തിനകത്ത് കടക്കാൻ പാടില്ല, കടന്നു കഴിഞ്ഞാൽ കേരളം നശിക്കും എന്ന രീതിയിൽ കാണിക്കുന്ന കുറെയധികം ചുറ്റുപാടുകൾ, അല്ലെങ്കിൽ അതിനകത്തുള്ള കഥ സന്ദർഭങ്ങൾ ഡയലോഗുകൾ ഇതിനകത്ത് നിരന്തരം വരുന്നുണ്ട്. പ്രത്യേകിച്ച് കേരള സെൻട്രിക് ആയിട്ടുള്ള കാര്യങ്ങൾ കാണിക്കുമ്പോഴൊക്കെ.ഗോവർധൻ എന്ന് പറയുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പോലും ‘അയ്യോ ഇത് ഭയങ്കര അപകടം പിടിച്ചതാണ്, ഇങ്ങനെയൊന്നും വരാൻ പാടില്ല’ എന്ന് പറയുന്നു. അതായത് കേരളത്തിലെ ഐയുഎഫ് എന്ന് പറയുന്ന പാർട്ടിയിലെ മുഖ്യമന്ത്രിയായി വരുന്ന ജതിൻ വേറൊരു പാർട്ടി ഉണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ അഖണ്ഡശക്തി മോർച്ച എന്ന ഒരു പാർട്ടിയിലേക്ക് പോവുന്നു. ബിജെപിയെ ആണ് ഉദ്ദേശിക്കുന്നത്, കാവി ഫ്ലാഗ് ഒക്കെയാണ് അവർ കാണിക്കുന്നത്. ‘ഞാൻ അവരുമായി ചേർന്നുകൊണ്ട് ഞാൻ ഒരു പുതിയ പാർട്ടി ഇവിടെ രൂപീകരിച്ച് ഞാൻ വിജയിച്ചു വരും’ എന്ന് അദ്ദേഹം ഒരു പൊതുജനത്തെ സംബോധന ചെയ്തു പറയുന്ന അവസരത്തിൽ അത് വ്യത്യസ്ത വ്യക്തികളിൽ ഉളവാക്കുന്ന ഞെട്ടൽ പരിഭ്രമം പരിഭ്രാന്തി ഒക്കെ വളരെ വിശദമായിട്ട് കാണിച്ചിട്ടുണ്ട്.
ലൂസിഫറിനകത്തും മയക്ക് മരുന്ന് എന്ന് പറയുന്നത് വലിയ ഒരു വിപത്തായിട്ട് പറയുന്നുണ്ട്, ശരിയാണ് അതായത് നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഇരുപതാം നൂറ്റാണ്ട് സിനിമയിലെ അതേ ഡയലോഗ് ലൂസിഫറിലും മോഹൻലാൽ ആവർത്തിക്കുന്നുണ്ട്. നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് ഞാൻ പണ്ടുതോട്ടെ പറയുന്നതല്ലേ എന്ന്. പക്ഷേ നാർക്കോട്ടിക് എന്ന് പറയുന്ന ബിസിനസ് തടയാൻ വേണ്ടി നിരന്തരം കൊല്ലുകയാണ് ലൂസിഫർ എന്ന് പറയുന്ന മോഹൻലാലിന്റെ ക്യാരക്ടർ.ഇയാൾ ആറേഴ് പേരെ നാട്ടിൽ വച്ച് കൊല്ലുന്നു, വിദേശത്ത് വച്ച് 10-50 പേരെ കൊല്ലുന്നു, മയിൽ വാഹനം എന്ന കമ്മിഷണറെ കൊല്ലുന്നു, അങ്ങനെ കൊല എന്ന് പറഞ്ഞാൽ വെറുതെ കൊന്നു തള്ളുവാണ്. അപ്പോ അത് ഡേർട്ടി ബിസിനസ് അല്ല, കൊലപാതകം എന്ന് പറയുന്നത് ഡേർട്ടി ബിസിനസ് അല്ല, അത് നടത്താം പക്ഷേ നാർക്കോട്ടിക്സ് ഡർേട്ടി എന്ന് പറയുന്ന ആ ഒരു ഇരട്ടത്താപ്പിനോടുള്ള സിനിമയുടെ സമീപനം എനിക്ക് വളരെ വളരെ അപഹാസ്യമായും വൃത്തികേടായിട്ടും തോന്നിയിരുന്നു ലൂസിഫർകണ്ടപ്പോൾ. അത് തന്നെ ഇവിടെ റിപ്പീറ്റ് ചെയ്യുകയാണ്. ‘എമ്പുരാൻ’ ആയി മോഹൻലാൽ വരുമ്പോൾ എംബ്രാൻ ആണെന്ന് എനിക്ക് തോന്നുന്നു. ഇതിൽ മോഹൻലാലിനെക്കാൾ കൂടുതൽ പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയാണ്. സയിദ് മസൂദ് എങ്ങനെ സയിദ് മസൂദ് ആയി എന്ന് കാണിക്കാൻ വേണ്ടി ഇതുപോലെ ഗോധ്ര കലാപം വലിച്ച് കൊണ്ടുവരികയും അത് വികലമായി കാണിക്കുകയും, അതായത് ആ ട്രെയിൻ കത്തുന്നത് ശരിക്കും കാണിക്കുന്നില്ല, അത് എഡിറ്റ് ചെയ്യുമ്പോഴും അതിന്റെ ഒന്നും മാറാൻപോകുന്നില്ല. അതിന്റെ കഥ എന്ന് പറയുന്നത് ഇപ്പോഴും കഥയായിട്ട് തന്നെ ഇരിക്കും. സിനിമയുടെ സന്ദേശം ഇപ്പോഴും അതുപോലെ ഇരിക്കും,
കുറെ സീനുകൾ മാറ്റിയതുകൊണ്ടോ അതിനകത്തെ മുഖ്യ വില്ലന്റെ പേര് മാറ്റിയതുകൊണ്ടോ കാര്യമില്ല. ഹനുമാന്റെ പേരിട്ട ബജ്‌രംഗി ഭായി എന്ന് പറയുന്ന ആളാണ് വില്ലൻ കഥാപാത്രം. അത് മാറ്റി ബൽരാജ് ഭയ്യ എന്നാക്കിയതുകൊണ്ട് ഒന്നും ഇത് മാറാൻ പോകുന്നില്ല കാരണം ഇതിനകത്ത് പറഞ്ഞിരിക്കുന്നത് വയലൻസ് ആണ്. ഇതിനകത്തുള്ളത് ബിജെപി വന്നു കഴിഞ്ഞാൽ നമ്മുടെ രാജ്യം കുട്ടിച്ചോറാകും. ഇപ്പോൾ മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്റെ ഭാഗമല്ലാതെ മാറികിടക്കുന്നത് തന്നെയാണ് സേഫ്, അത് ഭാരതത്തിന്റെ ഭാഗമാകണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നൽകുന്നു.ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് ഈ സിനിമയെ എനിക്ക് തോന്നിയത്. വർഗീയ വിഷം മാത്രമല്ല അതിനകത്ത് രാഷ്ട്രീയ വിഷം ചീറ്റുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി കൊള്ളില്ല, ഈ രാഷ്ട്രീയ പാർട്ടി ദേശീയ പാർട്ടിയാണ്, എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയാണ്, ഈ പാർട്ടിയെ കേരളത്തിലോട്ട് നമുക്ക് കൊണ്ടുവരാൻ പറ്റില്ല ഇവിടെ മുഴുവൻ നശിച്ചുപോകും എന്നുള്ള ഒരു ധ്വനി ഇങ്ങനെ ചീറ്റി ചീറ്റി വിടുന്നുണ്ട്.