വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ രാജ്യ സഭയിൽ സംസാരിക്കുകയായിരുന്ന ജോൺ ബ്രിട്ടാസ് സുരേഷ്ഗോപി എം.പിയെ എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോട് ഉപമിച്ചിരുന്നു. ഇതുപോലുള്ള മുന്നമാരെ തിരിച്ചറിയാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്നുള്ള ബ്രിട്ടാസിന്‍റെ വിമര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു.വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ താന്‍ എമ്പുരാനിലെ മുന്നയുടെ കാര്യം പറഞ്ഞപ്പോള്‍ അതു തന്നെക്കുറിച്ചാണെന്നു പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത് എന്തിനാണെന്നും. താന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ലെന്നും എന്നാല്‍ സുരേഷ് ഗോപി പ്രതികരണവുമായി വരികയായിരുന്നുവെന്നും. ബ്രിട്ടാസ് പറഞ്ഞു.
ഇതിന് പിന്നാലെ സൈബറിടത്ത് വൈറലാകുന്ന ഒരു കുറിപ്പുണ്ട്. സുരേഷ് ഗോപിയുടെ ഫാന്‍സ് പേജിലൂടെ പ്രചരിക്കുന്ന കുറിപ്പില്‍ സുരേഷ് ഗോപിയെ മുന്ന എന്ന പേരില്‍ കളിയാക്കുന്നവരോട് 'മുന്ന' എന്ന പദത്തിന്റെ അർത്ഥം ടെററിസ്റ്റ് എന്നോ,രാജ്യദ്രോഹിയെന്നോ അല്ല.ചെറിയ കുട്ടികളോട് ഒരുപാട് പ്രിയം തോന്നുമ്പോൾ വാത്സല്യത്തോടെ വിളിക്കുന്ന പേരാണ് മുന്നായെന്നും അങ്ങനെയുള്ള ഒരു മനസിന്‍റെ ഉടമയാണ് സുരേഷ് ഗോപിയെന്നും പറയുന്നു.
കുറിപ്പ്
സുരേഷ് ഗോപിയെ 'മുന്ന' എന്ന് വിളിച്ച് സ്വയം സായൂജ്യമടയുന്നവരോട്,'മുന്നാ' എന്ന പദത്തിന്റെ അർത്ഥം ടെററിസ്റ്റ് എന്നോ,രാജ്യദ്രോഹിയെന്നോ അല്ല. ചെറിയ കുട്ടികളോട് ഒരുപാട് പ്രിയം തോന്നുമ്പോൾ വാത്സല്യത്തോടെ വിളിക്കുന്ന പേരാണ് മുന്നാ !അതാണ് ആ വാക്കു കൊണ്ട് അർത്ഥമാക്കുന്നതും.ചില മനുഷ്യർ വളർന്ന് ആറടി പൊക്കത്തിന് മേലെയെത്തിയാലും മറ്റ് പലരെയും പോലെ കുന്നായ്മയോ ,കുരുട്ടു ബുദ്ധിയോ,അവർക്കൊപ്പം വളർന്നു എന്ന് വരില്ല.പകരം, തനിക്ക് ശരിയെന്ന് തോന്നുന്നത് എവിടെയും തുറന്ന് പറയുന്ന, ഇഷ്ടമാകാത്തത് കണ്ടാൽ പരിഭവിക്കുന്ന, ഇഷ്ട സാധ്യത്തിനായ് ചിലപ്പോൾ വാശി പിടിക്കുന്ന ഒരു മനസ്സിന്റെ ഉടമയായിട്ടാകും അവർ വളരുക.
അങ്ങനെയുള്ള ഒരു മനസ്സിൻ്റെ ഉടമ തന്നെയാണ് ശ്രീ.സുരേഷ് ഗോപി! സുരേഷ് ഗോപിയെ അടുത്തറിഞ്ഞവരെല്ലാവരും തന്നെ, അദ്ദേഹത്തെക്കുറിച്ച് പറയുന്ന ചില വാക്കുകളുണ്ട്. സുരേഷ് ശുദ്ധഗതിക്കാരനാണ്. കൊച്ചു കുട്ടികളെ പോലെയാണ്. അവൻ പെട്ടെന്ന് പരിഭവിക്കും, പിണങ്ങി മാറിയിരിക്കും.പിന്നെ തനിയെ ഇണങ്ങും. സുരേഷ് ഗോപിയുടെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ അന്യായ പിണക്കം, പക്ഷേ ആ പിണക്കം ആരെയും ദ്രോഹിക്കുന്നതല്ല.പക പോക്കുന്നതുമല്ല. അതദ്ദേഹത്തിന്‍റെ സ്നേഹമാണത്, കാപട്യമില്ലാത്ത സ്നേഹം.
അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷതകൾ അറിഞ്ഞ് തന്നെയാണ് ജനം അദ്ദേഹത്തെ അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. പുറമേ ചിരിയും, ഉള്ളിൽ കാപട്യവുമായി നടക്കുന്നവരേക്കാൾ ജനങ്ങൾക്ക് ഇഷ്ടം ശാഠ്യക്കാരനായ ഈ ശുദ്ധഗതിക്കാരനെയാണ്.
ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ, പിറന്ന് വീഴുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ വരെ ഇടം നേടിയ ആ സുരേഷ് ഗോപിയെ ഇനി നിങ്ങളിൽ ആരൊക്കെ എത്രകണ്ട് പുറകെ നടന്നു ക്രൂശിച്ചാലും, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതല്ലാതെ അത് ഒരിക്കലും കുറയാൻ പോകുന്നില്ല.നിങ്ങൾ ധൈര്യമായി വിളിച്ചോളൂ മുന്നാ എന്ന് അത് നിങ്ങളുടെ എമ്പുരാനിലെ മുന്നയല്ല,അത് ജനഹൃദയങ്ങളിലെ മുന്നയാണ് .