സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടെ റിലീസിന് തലേദിവസം, ബസൂക്കയെപ്പറ്റി പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം താൻ എത്തുകയാണെന്നും, ആദ്യ കേൾവിയിൽ തന്നെ ഇഷ്ടപ്പെട്ട കഥയാണ് ഈ സിനിമയുടേതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും എന്ന വാചകത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
റിലീസിന് ഇനിയും ദിവസം ബാക്കി നിൽക്കെ ആദ്യ ദിനം മികച്ച കളക്ഷൻ ബസൂക്കയ്ക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയമുള്ളവരെ...
വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്.
' ഡിനോ ഡെന്നിസ് ' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും...
ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും..
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..
അത് സിനിമയായി പരിണമിച്ചു.
ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്...
എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും...
അതിനൊപ്പം
ഞാനും
നിങ്ങളും
നമ്മളും...
സ്നേഹപൂർവ്വം
മമ്മൂട്ടി