മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു. ചിത്രത്തിലെ ഫോറസ്റ്റ് ഫൈറ്റ് സീനിന് പശ്ചാത്തലമായി വരുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ‘ജംഗിൾ പൊളി’ എന്ന പേരിലൊരുക്കിയ പാട്ടിന് ദീപക് ദേവ് ആണ് ഈണമൊരുക്കിയത്. ജേക്സ് ബിജോയിയും ആനന്ദ് ശ്രീരാജും ചേർന്നു ഗാനം ആലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായ ‘ജംഗിൾ പൊളി’ ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്. മുണ്ട് മടക്കി കുത്തി സ്റ്റീഫന്റെ മരണമാസ് ഫൈറ്റാണ് വിഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
മാർച്ച് 27ന് പ്രദർശനത്തിനെത്തിയ ‘എമ്പുരാൻ’ തിയറ്ററുകളിൽ തേരോട്ടം തുടരുകയാണ്. ആഗോള കലക്‌ഷനിൽ 100 കോടി തിയറ്റർ ഷെയർ നേടുന്ന ആദ്യമലയാള ചിത്രമായി എമ്പുരാൻ മാറിയിരുന്നു. 250 കോടി ആഗോള കലക്‌ഷനിലൂടെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിക്കുകയും ചെയ്തു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമിച്ചിരിക്കുന്നത്