ganapathi

ഖാലിദ് റഹ്‌മാന്‍റെ സംവിധാനത്തില്‍ നസ്‌ലെന്‍ നായകനായെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിനിപ്പോള്‍ നായകനായ നസ്‍ലിനെക്കാളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത് ഗണപതി അവതരിച്ച ദീപക്കേട്ടനെയാണ്. ദീപക്കേട്ടൻ റിയൽ പോരാളിയാണെന്നും ലൈഫിനോട് പടവെട്ടുന്നവനാണെന്നും അഭിപ്രായമുണ്ട്.  വിനോദയാത്ര സിനിമയിലെ  പാലും പഴവും കൈകളിലേന്തി എന്ന പാട്ട് പാടിയ ആ മിടുക്കൻ കുട്ടിയിന്ന് ദീപക്കേട്ടൻ ആയി മാറിയപ്പോ അയാളുടെ കരിയറിലെ ഏറ്റവും അടിപൊളി ക്യാരക്ടർ തന്നെയാണെന്നുമാണ് അനു ചന്ദ്ര എന്ന പ്രേക്ഷക  ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ മേക്കിങ്ങിനും കാസ്റ്റിങ്ങിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. ചെറിയൊരു സ്റ്റോറിലൈനെ മനോഹരമായി അവതരിപ്പിച്ചു എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. സ്‌പോര്‍ട്‌സ് കോമഡി എന്ന ജോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആലപ്പുഴ ജിംഖാന നസ്ലിന്റെ പടമല്ല, അത് ജിംഖാനയിലേക്ക് ബോക്സിങ് പഠിക്കാൻ പോയ ഒരു മൊത്തം ഗ്യാങ്ങിന്റെ കഥയാണ്. എല്ലാവരുടെയും ജയ പരാജയങ്ങളുടെ അടയാളപ്പെടുത്തലുള്ള സിനിമയാണ്. പക്ഷേ അതിലെ ഹീറോ ഗണപതിയാണ് / ഗണപതി ചെയ്ത ദീപക്കേട്ടനാണ്. അല്ലാതെ നസ്ലിൻ അല്ല. ദീപക്കേട്ടൻ റിയൽ പോരാളിയാണ്. മുണ്ടും ഒരു ടീ ഷർട്ടുമിട്ട് ജിംഖാനയിലേക്ക് ബോക്സിങ് പഠിക്കാൻ വരുന്ന ദീപക്കേട്ടൻ ഒരു സാധാരണ പെയ്ന്റിങ് തൊഴിലാളിയാണ്. ഒപ്പമുള്ള / ജിംഖാനയിലെ പ്ലസ് ടൂ പിള്ളേരെ പോലെ ജീവിതത്തെ ലാഘവത്തിലെടുക്കാൻ കഴിയാത്ത ഒരാളാണ്. അയാൾ ലൈഫിനോട് പടവെട്ടുന്നവനാണ്, ലൈഫ് എന്താണെന്നറിയുന്നവനാണ്. അതയാളുടെ നോട്ടത്തിലും ഭാവത്തിലും വരെ പ്രകടമാണ്. ലൈഫിനോടുള്ള അയാളുടെയാ പോരാട്ടവീര്യം തന്നെയാണ് ബോക്സിങ് റിങ്ങിനകത്തുള്ള അയാളുടെ ആവേശവും. 

 

റിയൽ സ്പാർക് എന്താണെന്നറിയണമെങ്കിൽ ദീപക്കേട്ടനെ ശ്രദ്ധിച്ചാൽ മതി. അയാളിൽ മാത്രമാണ് ആ റിയൽ സ്പാർക് കിട്ടുന്നത്. പണ്ട് ‘ വിനോദയാത്ര ‘ സിനിമയിലെ ’ പാലും പഴവും കൈകളിലേന്തി ’ എന്ന പാട്ട് പാടിയ ആ മിടുക്കൻ കുട്ടിയിന്ന് ദീപക്കേട്ടൻ ആയി മാറിയപ്പോ അയാളുടെ കരിയറിലെ ഏറ്റവും അടിപൊളി ക്യാരക്ടർ തന്നെയാണ് പ്രേക്ഷകർക്ക് കിട്ടിയിരിക്കുന്നത്. റിയൽ പോരാളി

ENGLISH SUMMARY:

Viewers are praising Ganapathi for his portrayal of the character Deepakkettan, calling him the true hero of Alappuzha Gymkhana.