‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലൂടെ ഏറ്റവും നേട്ടം കൊയ്തത് അഖിൽ മാരാർ ആണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. വാചകക്കസര്‍ത്ത് കൊണ്ട് വട്ടപ്പൂജ്യത്തിൽ നിന്ന് കൊട്ടക്കണക്കിന് പണവും അതുപോലെ തന്നെ പ്രശസ്തിയുമുണ്ടാക്കാന്‍ മാരാര്‍ക്ക് കഴിഞ്ഞു. സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതെ ശ്രദ്ധയോടെ മുന്നേറിയാൽ അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയുമെന്നും ആലപ്പി അഷറഫ് കൂട്ടിച്ചേര്‍ത്തു.
അഖില്‍ മാരാരെ കുറിച്ച് മാത്രമല്ല, മറ്റ് പല ബിഗ് ബോസ് താരങ്ങളെപ്പറ്റിയും ആലപ്പി അഷ്റഫ് പറയുന്നുണ്ട്. റൗഡി വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നടന്‍ സാബുവിന്‍റെ ഇമേജ് മാറിയതും നടിയും അവതാരകയുമായ പേര്‍ളി മാണിക്ക് നല്ലൊരു കുടുംബജീവിതം ലഭിച്ചതും ഇതേ ബിഗ് ബോസില്‍ നിന്നാണ്. നല്ല കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ പലരുടെയും കുടുംബ ജീവിതം തകരാനും ബിഗ് ബോസ് ഒരു കാരണമായിട്ടുണ്ടെന്നും എന്ന് ആലപ്പി അഷറഫ് പറഞ്ഞു.
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സ്വഭാവമുള്ള വ്യക്തികൾ ഒരുമിച്ച് മൂന്നു മാസത്തോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വലിയ സ്ഥലത്ത് താമസിക്കുന്നു. അവരെ നിയന്ത്രിക്കുന്ന അദൃശ്യ മനുഷ്യനാണ് ബിഗ് ബോസ്. ആഴ്ചയിൽ രണ്ടു ദിവസം ഇവരെ കാണാനും ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും എത്തുന്ന ആളാണ് മോഹൻലാൽ. കോടികൾ മുടക്കിയാണ് ബിഗ് ബോസ് എന്ന പരിപാടി ഒരുക്കിയിരിക്കുന്നത്. ‘മലയാളി ഹൗസ്’ എന്ന പേരിൽ മറ്റൊരു ചാനലിലാണ് ഇതാദ്യം തുടങ്ങുന്നത്. അതിനെതിരെ ഒരുപാട് ജനരോഷവും ഉണ്ടായി. അന്ന് മലയാളി ഹൗസിലെ വിജയി രാഹുൽ ഈശ്വർ ആയിരുന്നു. പിന്നീട് അഞ്ച് വർഷത്തിനുശേഷമാണ് ബിഗ് ബോസ് പ്രത്യക്ഷപ്പെടുന്നത്.