om-puri-seema-kapoor

; ആരോപണവുമായി മുന്‍ഭാര്യ

അന്തരിച്ച നടന്‍ ഓംപുരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ. താന്‍ ഗര്‍ഭിണിയായിരിക്കെ ഓംപുരിക്ക് മാധ്യമപ്രവര്‍ത്തക നന്ദിത പുരിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സീമ പറഞ്ഞത്. ഇതാണ് താനും ഓംപുരിയും തമ്മില്‍ വേര്‍പിരിയാനുള്ള കാരണമെന്നും സീമ കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സീമ മനസ് തുറന്നത്. 

'സിറ്റി ഓഫ് ജോയ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തക നന്ദിത പുരിയുമായി ഓം പുരി അടുപ്പത്തിലായത്. ചില സുഹൃത്തുക്കള്‍ക്ക് ഈ വിവരം അറിയാമായിരുന്നുവെങ്കിലും എന്നില്‍ നിന്നും അത് മറച്ചുവച്ചു. ഷൂട്ടിങ്ങിനായി അദ്ദേഹം മുംബൈയില്‍ നിന്ന് പോയി. ആ സമയത്ത് അദ്ദേഹത്തിന്‍റെ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില പ്രണയലേഖനങ്ങള്‍ കണ്ടു. ഞാനാകെ തകര്‍ന്നുപോയി. മറ്റൊരു ബന്ധം ഉണ്ടെങ്കില്‍ പോലും അദ്ദേഹവുമായി വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എല്ലാം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം ഞാന്‍ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു.

കാര്യങ്ങള്‍ പിന്നീട് വഷളായി. ഓം പുരി വളരെയധികം കുടിക്കുമായിരുന്നു. നന്ദിതയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. അതോടെ ഒരു രാത്രി ആ വീട്ടില്‍ നിന്നും പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ ഞാന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ആ ഗര്‍ഭം അലസിപ്പോയി. പിന്നീട് ഓം പുരി സെക്രട്ടറി വഴി 25,000 രൂപ എനിക്ക് കൊടുത്തയച്ചു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു,' സീമ പറഞ്ഞു. 

വിവാഹത്തിനുമുമ്പ് ഓംപുരിക്ക് വീട്ടുജോലിക്കാരിയുമായി  ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് ഒരുദിവസം മുമ്പാണ് തന്നോട് ഇക്കാര്യം പറ‍ഞ്ഞതെന്നും സീമ പറഞ്ഞു. എല്ലാവരേയും ക്ഷണിച്ചുകഴിഞ്ഞു. റിസപ്ഷനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ പുഴയോരത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ടാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം വേണ്ട എന്നുവെക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇന്നത്തെ കാലത്തെ സ്ത്രീകള്‍ ധൈര്യശാലികളാണ്. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പോലും പിന്മാറാനുള്ള ധൈര്യം അവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോഴാണ് ഇങ്ങനെയൊരു സാഹചര്യമെങ്കില്‍ വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറുമായിരുന്നുവെന്നും സീമ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

1990-ലാണ് സീമ കപൂര്‍ ഓം പുരിയെ വിവാഹം ചെയ്തത്. എട്ട് മാസത്തിന് ശേഷം ബന്ധം വേര്‍പിരിയുകയും ചെയ്​തു. പിന്നീട് ഓം പുരി മാധ്യമപ്രവര്‍ത്തകയായ നന്ദിത പുരിയെ വിവാഹം ചെയ്തു. 2017-ല്‍ മുംബൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഓം പുരി മരിച്ചത്.

ENGLISH SUMMARY:

Late actor Om Puri’s former wife Seema has made serious allegations against him, claiming that he had a relationship with journalist Nandita Puri while Seema was pregnant. She added that this was the reason behind their separation.