wcc-vincy-alocius

ഷൈന്‍ ടോം ചാക്കോയ്​ക്കെതിരായ ആരോപണത്തില്‍ വിന്‍ സി അലോഷ്യസിന് പിന്തുണയുമായി ഡബ്ല്യുസിസി. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ  മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്ന് ഡബ്ല്യുസിസി പറഞ്ഞു. മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ  സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐ.സിയിലാണെന്നും  ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ ഐ.സി നിലവിലുണ്ടോ എന്നത് ഉറപ്പാക്കണമെന്നും ഡബ്ല്യുസിസി പറ‍ഞ്ഞു. ഐ.സി സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും  ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഡബ്ല്യുസിസി പറ​​ഞ്ഞു. 

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഫിലിം സെറ്റിൽ വെച്ച് തന്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ  പെരുമാറ്റത്തെ  എതിര്‍ത്തുകൊണ്ട്  ശബ്ദമുയര്‍ത്തിയ വിന്‍ സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നത്. 

മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ  സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐ.സിയിലാണ്. കേരളത്തിലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം  കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്. പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് ഐ.സിയുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങൾക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നൽകാനായി  വനിത ശിശു വികസന വകുപ്പ് വർക്ക്ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മൾ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ ഐ.സി നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുമാണ് . സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ ഐ.സിയെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ചേമ്പറിൻ്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്.

ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല.  ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിർമ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവർത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ  തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും. ഐ.സി സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും  ഈ അവസരത്തിൽ വീണ്ടും അറിയിക്കട്ടെ.

ENGLISH SUMMARY:

WCC has extended support to Vincy Aloshious in the allegation raised against actor Shine Tom Chacko. The organization pointed out that this incident highlights the harsh reality of widespread alcohol and drug abuse on several Malayalam film sets. They emphasized that women who face any form of mental or physical harassment should first report it to the Internal Committee (IC). WCC also urged everyone in the industry to ensure the presence of a functioning IC on every set they work on.