kamal-trisha

Image Credit: Facebook

മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ പ്രചാരണപരിപാടികളുടെ തിരക്കിലാണ് ഉലകനായകന്‍ കമല്‍ഹാസനും തൃഷയും സിലമ്പരസനുമെല്ലാം. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രചാരണപരിപാടിക്കിടെ കമല്‍ഹാസന്‍ തൃഷയ്ക്ക് നല്‍കിയ ഒരു മറുപടിയാണ് സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്. 

ഇഷ്ടവിഭവം ഏതാണ് എന്നായിരുന്നു പരിപാടിയിൽ തൃഷയോട് കാണികളിലൊരാള്‍ ചോദിച്ച ചോദ്യം. 'എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക?' എന്നാണ് തൃഷ ഇതിന് മറുപടി പറഞ്ഞത്. ഇതിനിടിയല്‍ പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം തന്നെ 'അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്' എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. തൃഷ അത് ചിരിച്ചുതളളുകയും ചെയ്തു. അല്‍പം നിമിഷങ്ങള്‍ക്കകം തന്നെ താൻ പറഞ്ഞത് തമാശയായാണെന്ന് കാണിക്കാൻ കമൽ തൃഷയുടെ കാൽമുട്ടിൽ പതിയെ തട്ടുന്നുമുണ്ട്. 

അതേസമയം പ്രചാരണപരിപാടിയിലെ ഈ സംഭാഷണഭാഗം മാത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കമൽ ഹാസന്റെ വാക്കുകൾ മോശമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ പ്രതികരണം. തൃഷയ്ക്ക് കമൽ ഹാസന്‍ നല്‍കിയ മറുപടിയോട് രൂക്ഷമായ ഭാഷയിലാണ് മിക്കവരും പ്രതികരിച്ചത്. കമല്‍ഹാസന്‍റെ മറുപടി ദ്വയാർത്ഥം നിറഞ്ഞതാണെന്നാണ് സോഷ്യല്‍ലോകത്തെ വിമര്‍ശനം. ടോക്സിക് കമൽ എന്നായിരുന്നു ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവിന്‍റെ പ്രതികരണം. നാളുകള്‍ക്ക് മുന്‍പ് മന്‍സൂര്‍ അലിഖാനെതിരെ പരാതി നല്‍കിയതുപോലെ കമലിനെതിരെയും തൃഷ പരാതി നല്‍കുമോ എന്ന കമന്‍റുകളുമെത്തി. അതേസമയം കമലിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. കമൽ പറഞ്ഞതിൽ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും അദ്ദേഹം തമാശയാണ് ഉദ്ദേശിച്ചതെന്നും ആരാധകര്‍ പറയുന്നു. 

ENGLISH SUMMARY:

Kamal Haasan's 'Pazhampori' Comment on Trisha Sparks Backlash