തന്‍റെ ആത്മീയ ജീവിതത്തെ പറ്റി തുറന്നു സംസാരിച്ച് നടി നുഷ്രത്ത് ബറൂച്ച. താന്‍ അമ്പലത്തില്‍ പോവാറുണ്ടെന്നും ഒപ്പം അഞ്ച് നേരം നിസ്​കരിക്കുകയും ചെയ്യാറുണ്ടെന്നും നുഷ്രത്ത് പറഞ്ഞു. ദൈവത്തിലേക്ക് എത്താന്‍ പല വഴികളുണ്ടെന്നും എല്ലാ വഴികളും തനിക്ക് പരിശോധിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കമന്‍റുകള്‍ വാറുണ്ടെന്നും ശുഭാങ്കര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തില്‍ നുഷ്രത്ത് പറഞ്ഞു.

'എവിടെയാണ് നിങ്ങള്‍ സമാധാനം കണ്ടെത്തുന്നത്, അത് അമ്പലത്തിലായാലും ഗുരുദ്വാരയിലായാലും പള്ളിയിലായാലും അവിടെ പോകണം. ഇത് ഞാന്‍ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. ഞാന്‍ നമസ്​കാരവും ചെയ്യാറുണ്ട്. സമയം കിട്ടുകയാണെങ്കില്‍ അഞ്ച് നേരം പ്രാര്‍ഥിക്കും. യാത്ര ചെയ്യുമ്പോള്‍ എല്ലായ്​പ്പോഴും നിസ്​കാര പായ എടുക്കാറുണ്ട്. എവിടെ പോയാലും ഒരേ തരത്തിലുള്ള സമാധാനവും ശാന്തതയും ആണ് ലഭിക്കുന്നത്. ഒരു ദൈവമാണുള്ളത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ദൈവത്തിലേക്ക് എത്താന്‍ പല വഴികളുണ്ട്. എല്ലാ വഴികളും എനിക്ക് പരിശോധിക്കണം. 

ഞാന്‍ അമ്പലത്തിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പല തരത്തിലുള്ള കമന്‍റുകള്‍ എനിക്ക് ലഭിക്കാറുണ്ട്. ഇവള്‍ ഏത് മുസ്​ലിമാണ്, ഇട്ടിരിക്കുന്ന വസ്ത്രം നോക്കൂ, എന്നൊക്കെ ആളുകള്‍ കമന്‍റ് ചെയ്യും. വിശ്വാസത്തിന്‍റെ പേരില്‍ മാത്രമല്ല, പ്രൊഫഷന്‍റെ പേരിലും എന്‍റെ ചോയിസുകളുടെ പേരിലും വിമര്‍ശനം വരാറുണ്ട്. 

ഇതുകൊണ്ടൊന്നും ഞാന്‍ മാറില്ല. ഇതിനൊന്നും എന്നെ അമ്പലത്തില്‍ പോകുന്നതില്‍ നിന്നോ നമസ്​കാരം ചെയ്യുന്നതില്‍ നിന്നോ തടയാനാവില്ല. ഞാന്‍ രണ്ടും ചെയ്യും. അതെന്‍റെ വിശ്വാസമാണ്. സ്വന്തം ചിന്തയിലും ആത്മീയതയിലും വ്യക്തത ഉണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ  കുലുക്കാന്‍ കഴിയില്ല,' നുഷ്രത്ത് പറഞ്ഞു.  

ENGLISH SUMMARY:

Actress Nushrratt Bharuccha opened up about her spiritual journey, revealing that she visits temples and also offers namaz five times a day. She emphasized that there are many paths to reach God and that she wishes to explore all of them.