വിവാദത്തില്‍ പുകഞ്ഞ് കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ദൊറോത്തി'. ചിത്രം മുന്നോട്ട് വക്കുന്ന എൽ.ജി.ബി.ടി.ക്യു+ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം, നേരത്തെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാല്‍ തിയേറ്ററുകളിൽ എത്തിയതോടെ പ്രതികരണങ്ങള്‍ മാറിയിരിക്കുകയാണ്.
1990-കളിലെ തമിഴ്‌നാട്ടിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം കാർത്തി, സുബ്ബു എന്നീ രണ്ട് കുട്ടിക്കാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ജാതി വ്യവസ്ഥയ്ക്കും പുരുഷാധിപത്യത്തിനുമിടയിൽ വളരുന്ന ഇവരുടെ ജീവിതത്തിലേക്ക് കീര്‍ത്തി അവതരിപ്പിക്കുന്ന ദൊറോത്തി എന്ന കഥാപാത്രം കടന്നുവരുന്നതാണ് കഥാതന്തു. സിനിമയുടെ രണ്ടാം പകുതിയിലാണ് കഥ ഒരു എൽ.ജി.ബി.ടി.ക്യു+ തീമിലേക്ക് മാറുന്നത്. ചിത്രത്തിലെ ഒരു ചുംബന രംഗം എക്സില്‍ ലീക്കായതോടെയാണ് വിവാദം രൂക്ഷമായത്.
ചിത്രം നാടിന്‍റെ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എക്സില്‍ #BoycottDorothy എന്ന ഹാഷ്‌ടാഗ് പ്രചരിക്കുകയാണ്. ചിത്രം തിരഞ്ഞെടുത്തതിന്‍റെ പേരില്‍ കീര്‍ത്തി സുരേഷിനെതിരേയും പ്രതിഷേധമുണ്ട്.
അതേസമയം, സിനിമാ നിരൂപകരും ഒരു വിഭാഗം പ്രേക്ഷകരും ചിത്രത്തെ അനുകൂലിക്കുന്നുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന കയ്പ്പേറിയ യാഥാർഥ്യങ്ങളെയും ഹോമോഫോബിയയെയും തുറന്നുകാട്ടുകയാണ് ചിത്രം ചെയ്തതെന്നും കാര്‍ത്തിക് സുബ്ബരാജിന് അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.