തമിഴ് സിനിമ പുരസ്കാര നിശയിൽ മലയാളി താരം മഡോണ സെബാസ്റ്റ്യന്‍റെ പാട്ടിന് നിറകയ്യടി. അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനം 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനമാണ് ആരാധകർക്കായി മഡോണ ആലപിച്ചത്. താരത്തിന്റെ ആലാപനം തമിഴ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മഡോണ ഇത്രയും നന്നായി പാടുമോ എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഗലാട്ട ഗോൾഡൻ സ്റ്റാർ പുരസ്കാരവേദിയിലായിരുന്നു മഡോണയുടെ ഗംഭീര പ്രകടനം. തമിഴ് ചിത്രം ലിയോയിലെ അഭിനയത്തിന് എന്റർടെയ്നർ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു മഡോണ ഗാനം ആലപിച്ചത്. ഒരു പാട്ടു പാടാമോ എന്ന അവതാരകയുടെ അഭ്യർത്ഥനയ്ക്ക് അന്യൻ സിനിമയിലെ ഫാസ്റ്റ് നമ്പർ പാടിയാണ് മഡോണ കയ്യടി നേടിയത്.
മഡോണയുടെ ആലാപനത്തിന്റെ സ്റ്റൈലും ഉച്ചാരണവും അതിഗംഭീരമാണെന്നാണ് ആരാധകരുടെ പക്ഷം. മഡോണയുടെ പാട്ടും വർത്തമാനവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലയാള ചിത്രം പ്രേമത്തിലൂടെ സിനിമയിലെത്തിയ മഡോണ നല്ലൊരു ഗായിക കൂടിയാണ്. ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീത സംവിധായകർക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്.