സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംഗീത സംവിധായകനാണ് യുവന്‍ ശങ്കര്‍ രാജ. ഒടുവില്‍ ചെയ്ത വിജയ് ചിത്രം ഗോട്ടിലെ ഗാനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംഗീത ഇതിഹാസം ഇളയരാജയുടെ മകനായ യുവന് വമ്പന്‍ ഫാന്‍ ബേസുണ്ട്. 2014 ൽ യുവൻ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. എന്തുകൊണ്ടായിരുന്നു മതം മാറിയതെന്ന് തുറന്നു പറയുകയാണ് യുവൻ ശങ്കർ രാജ.
‘അമ്മയുടെ മരണ ശേഷം ഞാന്‍ ഒരു ‘ലോസ്റ്റ് ചൈൽഡ്’ ആയി മാറി. അമ്മയെ ഇടയ്ക്കിടെ സ്വപ്‌നം കാണും. അമ്മ എവിടെയാണെന്ന അന്വേഷണം എന്നെ വല്ലാതെ പിടിച്ചുലച്ചു.’ അമ്മയുടെ അകാലമരണത്തിന് പിന്നാലെ താൻ തികഞ്ഞ മദ്യപാനിയായി മാറിയെന്ന് യുവന്‍ പറഞ്ഞു. അതുവരെ പാർട്ടികൾക്ക് പോകുമ്പോഴൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. ‘പെട്ടെന്ന് ഒരുനാൾ എനിക്ക് എല്ലാറ്റിനും ഉത്തരം ലഭിച്ചു. ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാൾ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി.’ ഇക്കാര്യം തന്നെ പഠിപ്പിച്ചത് ഇസ്‌ലാം ആണെന്ന് യുവൻ പറഞ്ഞു. Also Read : യുവന്‍ ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു.
ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്ന് യുവൻ പറഞ്ഞു. 2015 ൽ വിവാഹത്തിന് പിന്നാലെ യുവന്‍ അബ്ദുൾ ഹാലിഖ് എന്ന് പേരുമാറ്റുകയും ചെയ്തു.