സ്വാതിതിരുനാള്‍ സ്വയം ചിട്ടപ്പെടുത്തിയ കൃതികള്‍ക്ക് പുനര്‍ജനി. കൃതികള്‍ക്ക് സ്വാതിതിരുനാള്‍ തന്നെ സ്വരസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയ കീര്‍ത്തനങ്ങളാണ് സംഗീത ഗവേഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുന്നത്. സംഗീതജ്ഞന്‍ അജിത് നമ്പൂതിരി സമാഹരിച്ച സ്വരാലേഖനങ്ങളടങ്ങിയ ഗ്രന്ഥം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതകോളജില്‍ പ്രമുഖ സംഗീതജ്ഞര്‍ ചേര്‍ന്ന് പ്രകാശിപ്പിച്ചു.
സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളില്‍ പലതിനും പാഠഭേദം വന്നു. സംഗീത ത്രിമൂര്‍ത്തികളിലൊരാളായ മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തിയതാണെന്ന് വാദവും പലകാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. അതൊന്നും ശരിയല്ലെന്ന് തെളിയിക്കുന്നതാണ് സ്വാതി മുദ്ര എന്ന ഈ ഗ്രന്ഥം. സ്വാതിതിരുനാള്‍ ചെയ്ത യഥാര്‍ഥ നൊട്ടേഷന്‍ അഥവാ സ്വരാലേഖനം ചെയ്ത കൃതികളാണ് ആയിരത്തി ഇരുനൂറിലേറെ പുറം വരുന്ന ഈ മഹദ്ഗ്രന്ഥത്തില്‍. സംഗീതഞ്ജനും സ്വാതിതിരുനാള്‍ സംഗീതകോളജ് പൂര്‍വവിദ്യാര്‍ഥിയുമായി അജിത് നമ്പൂതിരിയുടെ വര്‍ഷങ്ങള്‍ നീണ്ട പഠനഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സ്വാതിമുദ്ര.
സ്വാതിതിരുനാളിന്‍റെ പിന്‍തലമുറയില്‍പ്പെട്ട പൂയം തിരുനാള്‍ ഗൗരി പാര്‍വതീബായി,മുതിര്‍ന്ന ഗുരുക്കന്മാരായ പാല്‍ക്കുളങ്ങര അംബികാദേവി, കുമാര കേരള വര്‍മ, ഡോ.കെ. ഓമനക്കുട്ടി, എസ്. രുഗ്മിണി, നെടുമങ്ങാട് ശിവാനന്ദന്‍, തിരുവനന്തപുരം സുരേന്ദ്രന്‍ എന്നിവര്‍ചേര്‍ന്ന് പ്രകാശനം ചെയ്തു. മഹാവാഗേയകാരന് മഹാആദരവായാണ് ഒരുകൂട്ടം സംഗീത ഗുരുക്കന്മാരും വിദ്യാര്‍ഥികളും അദ്ദേഹത്തിന്‍റെ പേരിലുള്ള സംഗീത കലാശാലയില്‍ ഒത്തുചേര്‍ന്നത്.