ലോക പ്രശസ്ത ഗായകന്‍ ലിയം പെയ്നിന്‍റെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.  ലിയമിന്‍റെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ കൊക്കെയ്നിന്‍റെ അംശം കണ്ടെത്തി. പിങ്ക് കൊക്കെയ്ന്‍ അടക്കമുളള മാരക ലഹരിവസ്തുക്കള്‍ മരണസമയത്ത് ലിയമിന്‍റെ ശരീരത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. കൂടാതെ ലിയമിന്‍റെ മുറിയില്‍ ലഹരി ഉപയോഗിച്ചതിന് തെളിവായി സാധനസാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. 

31കാരനായ ലിയം പെയ്ന്‍ ഒക്ടോബര്‍ 16നാണ് അർജന്റീനയിലെ ബ്യൂനസ് ഐറിസിലുളള ഹോട്ടല്‍ മുറിയിലെ ബാല്‍ക്കെണിയില്‍ നിന്നും വീണ് മരിച്ചത്. വീഴ്ച്ചയിലുണ്ടായ പരുക്കുകളാണ് ലിയമിന്‍റെ മരണകാരണമെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തില്‍ മറ്റ് അസ്വാഭാവികതകളൊന്നും മെഡിക്കല്‍ സംഘത്തിന് ലഭിച്ചതുമില്ല. എന്നാല്‍ ലിയമിന്‍റെ മുറയില്‍ നിന്നും കണ്ടെടുത്ത ലഹരിവസ്തുക്കളും ഉറക്കഗുളികകളും മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. പിന്നീട് ലിയമിന്‍റെ മൃതദേഹത്തില്‍ നടത്തിയ വിഷപരിശോധനയിലാണ് പിങ്ക് കൊക്കെയ്ന്‍ അടക്കമുളള മാരക ലഹരി വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. 

വൺ ഡയറക്ഷൻ എന്ന ബ്രിട്ടിഷ് ബോയ്ബാൻഡിലൂടെ തരംഗമായിത്തീർന്ന ലിയം പെയിനിന്‍റെ മരണം വലിയ ഞെട്ടലാണ് സംഗീതലോകത്തുണ്ടാക്കിയത്. ലഹരിക്ക്  അടിമയായിരുന്ന ലിയം അതിന്‍റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പുറത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. കരിയറില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത ഗായകന് പിന്നീട്  പ്രതീക്ഷിച്ച വിജയം നേടാനാകാതെ വന്നത് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നുവെന്ന് ലിയം തന്നെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ കൂടി താരത്തെ അലട്ടി. മാനസികസമ്മര്‍ദ്ദമാകാം വീണ്ടും ലിയമിനെ ലഹരിക്കടമയാക്കിതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരണത്തിന് അല്‍പം മുന്‍പ് ഹോട്ടലിൽ വച്ച് താരം അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഹോട്ടലിലെ ലോബിയില്‍ വച്ച് താരം ലാപ്ടോപ്പ് തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് തട്ടിക്കയറുകയും ചെയ്തു.  അമിതലഹരിയില്‍  ബാല്‍കണിയില്‍ നിന്ന് കാല്‍വഴുതി വീണതാകാമെന്നാണ് പൊലീസ് റിപ്പോര്‍ട്ട് . ഇതുമാത്രമാണോ മരണകാരണമെന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 

ENGLISH SUMMARY:

Liam Payne Toxicology Report Suggests ‘Pink Cocaine’ May Have Led to Death