വിവാഹത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. നവംബര്‍ 29 രാവിലെയാണ് കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. അച്ഛന് സുേരഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു കീര്‍ത്തിയുടെ ക്ഷേത്രദര്‍ശനം. കീര്‍ത്തി ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
കഴിഞ്ഞ വര്‍ഷവും കീര്‍ത്തി കുടുംബവുമൊത്ത് തിരുപ്പതിയിലെത്തി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനിന്നിരുന്നെങ്കിലും കീര്‍ത്തി തന്നെ സമൂഹമാധ്യമത്തിലൂടെ വിവാഹവാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. ആന്റണിക്കൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കീര്‍ത്തി വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത മാസം ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ആരാധകരുളള താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ ബോളിവുഡിലേക്കും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദളപതി വിജയ് നായകനായെത്തിയ തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്. തമിഴില്‍ സമാന്ത ചെയ്ത കഥാപാത്രത്തെയാണ് കീര്‍ത്തി ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി.