kili-paul

Image Credit: Instagram

ഹിന്ദി പാട്ടുകള്‍ക്ക് പിന്നാലെ മലയാളം പാട്ടുപാടി ഞെട്ടിക്കുകയാണ് ഇന്‍സ്റ്റഗ്രാം താരം കിലി പോള്‍. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരമായ കിലിയുടെ ഏറ്റവും പുതിയ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. ‘പുലിവാൽ കല്യാണം’ എന്ന ഹിറ്റ് ചിത്രത്തിലെ ‘ആരു പറഞ്ഞു’ എന്ന ഗാനമാണ് ഇത്തവണ ലിപ്സിങ്ക് വിഡിയോയ്ക്കായി കിലി പോൾ തിരഞ്ഞെടുത്തത്. വിഡിയോ കിലി പങ്കുവച്ചതിന് പിന്നാലെ കമന്‍റ് ബോക്സിലേക്ക് മലയാളികളുടെ കുത്തൊഴുക്കാണ്.

'മുത്തേ നീ പൊളിയാണ്' എന്നൊരാള്‍  കമന്‍റ് ചെയ്പ്പോള്‍ ‘ആഹാ, മലയാളി പാടുമോ ഇതുപോലെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. പതിവ് തെറ്റിക്കാതെ തന്‍റെ മലയാളം പാട്ടുകള്‍ക്ക് താഴെ ഉണ്ണിയേട്ടന്‍ എന്ന് കിലി കുറിച്ചിരുന്നു. തന്‍റെ മലയാളം റീലുകളിലൂടെ  മലയാളികളുടെ ഉണ്ണിയേട്ടനായി മാറിയിരിക്കുകയാണ് കിലി പോള്‍. തന്‍റെ പരമ്പരാഗത വേഷം ധരിച്ചുകൊണ്ടാണ് കിലി ഇത്തവണയും ക്യാമറയ്ക്ക് മുന്നിലെത്തിയത്. വിഡിയോ വൈറലാണെന്ന് മാത്രമല്ല വലിയ സ്വീകാര്യതയാണ് കിലിയ്ക്ക് മലയാളികള്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 10.2 മില്യണ്‍ ഫോളേവേഴ്സുളള താരമാണ് കിലി പോള്‍. ഷേർഷയിലെ ‘തേരി മേരി ഗല്ലാൻ ഹോയി മഷ്ഹൂർ’ എന്ന ഹിറ്റ്‌ പാട്ടിന് ചുണ്ടനക്കിയാണ് കിലി പോൾ സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടിയത്. പിന്നീട് ഹിന്ദിക്ക് പുറമെ, തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലെയും പാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഇതോടെയാണ് കിലി ലോകപ്രശസ്ത ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്.