kg-markose

'ഒന്നും രണ്ടുമല്ല നീണ്ട നാല്‍പ്പത്തേഴ് വര്‍ഷം പാട്ടുപാടി .  അതില്‍ സിനിമാഗാനങ്ങളുമുണ്ട് . എന്നാല്‍ ചലച്ചിത്രരംഗത്തു നിന്ന് ഒരു പുരസ്കാരവും ഇതുവരെ തന്നെത്തേടിയെത്തിയില്ല. ഈ പുരസ്കാരലബ്ധിയില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്' . മഴവില്‍ മ്യൂസിക്  അവാര്‍ഡ്  വേദിയില്‍ സ്പെഷല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ  കെ ജി മര്‍ക്കോസിന്‍റെ വാക്കുകളാണിത് .

ഈ പുരസ്കാരത്തില്‍ ഒരുപാട് സന്തോഷമുണ്ട്, പ്രത്യേകിച്ചും ഞാൻ വളരെ മാനിക്കുന്ന ഒരു കലാകാരിയിൽ നിന്നും അവാർഡ് സ്വീകരിക്കാനായതിൽ

'ഈ പുരസ്കാരത്തില്‍ ഒരുപാട് സന്തോഷമുണ്ട്, പ്രത്യേകിച്ചും ഞാൻ വളരെ മാനിക്കുന്ന ഒരു കലാകാരിയിൽ നിന്നും അവാർഡ് സ്വീകരിക്കാനായതിൽ. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, ഓൾ ഇന്ത്യ റേഡിയോയുടെ ഒരു പരിപാടിയിൽ താൻ വിചാരിച്ചപോലെ പാടാൻ പറ്റിയില്ല എന്ന് പറഞ്ഞ് സ്റ്റേജിന് പുറകിൽ നിന്ന് കരഞ്ഞ വ്യക്തിയാണ് ചിത്ര. അത്ര ഡെഡിക്കേഷനുള്ള ഗായികയാണ് അവർ. അതേ  ചിത്രയിൽ നിന്ന് അവാർഡ് വാങ്ങിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും'  കെജി മര്‍ക്കോസ് പറഞ്ഞു.  പോയവര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍  പ്രേമലുവിലെ ഹിറ്റ് ഗാനം തെലങ്കാന ബൊമ്മലുവാണ് മര്‍ക്കോസിനെ ജൂറിയുടെ പ്രത്യേക പരമര്‍ശത്തിന് അര്‍ഹനാക്കിയത്

ചലച്ചിത്രഗാനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മഴവില്‍ മ്യൂസിക് അവാര്‍ഡ്  ഇക്കുറി കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് . സംവിയകന്‍ ജയരാജ് പുരസ്കാരം സമ്മാനിച്ചു. ഗോള്‍ഡന്‍ വോയിസ് പുരസ്കാരം എം.ജി ശ്രീകുമാര്‍ ഗായകന്‍ ഹരിഹരനില്‍ നിന്നേറ്റു വാങ്ങി. ഇക്കൊലത്തെ മികച്ച ഗാനമായി എആര്‍എമ്മിലെ കിളിയേ തിരഞ്ഞെടുക്കപ്പെട്ടു. പെരിയോനെ പാടിയ ജിതിന്‍ രാജാണ് മികച്ച ഗായകന്‍. മികച്ച ഗായികക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും മധുവന്തി നാരായണും പങ്കിട്ടു. സുഷിന്‍ ശ്യാം മികച്ച സംഗീത സംവിധായകനും വിനായക് ശശികുമാര്‍ മികച്ച ഗാനരചയിതാവുമായി. വിജയ് യേശുദാസ്–ചിന്മയി കൂട്ടിന്‍റെ ഓമനേ യാണ്   മികച്ച യുഗ്മഗാനം. 

kg-markose-award

 ഹരിഹരന്‍, കെ.എസ്.ചിത്ര, സുജാത, ശരത് തുടങ്ങിയവര്‍ക്കൊപ്പം വിധുപ്രതാപ്, സിതാര കൃഷ്ണകുമാര്‍, ശ്വേത മോഹന്‍ തുടങ്ങിയവര്‍ പുരസ്കാരവേദി അവിസ്മരണീയമാക്കി. സ്ഫീന്‍ ദേവസ്സിയുടെ ബാന്‍ഡ് സംഗീതനിശക്ക് പശ്ചാത്തലമൊരുക്കി.

പ്രേക്ഷകര്‍ക്ക് സംഗീത വിരുന്നൊരുക്കി മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ് ഇന്നും നാളെയും രാത്രി 7 മണിക്ക്  സംപ്രേഷണം ചെയ്യും സംഗീതരംഗത്തെ വമ്പന്‍ താരനിര പരിപാടിയില്‍ അണിനിരക്കും  

ENGLISH SUMMARY:

Mazhavil Manorama Music Awards Special Jury Award to K. G. Markose