മൗലികതയുടെ തിരിനാളങ്ങള്‍ മലയാളിമനസിലേക്ക് തെളിയിച്ച ഭാസ്കരന്‍ മാഷ് ഇല്ലാത്ത 18 വര്‍ഷങ്ങള്‍. 2007 ഫെബ്രുവരി 25ന് ഉച്ചനേരത്ത് മറവിയുടെ കടലാഴങ്ങളില്‍ നിന്ന് സ്വര്‍ഗവാതിലിന്‍റെ ഓടാമ്പല്‍ നീക്കി പി.ഭാസ്കരന്‍ മറഞ്ഞപ്പോള്‍ മലയാളി അനാഥത്വത്തിന്‍റെ നോവറിഞ്ഞു. ആ ഓര്‍മകള്‍ക്ക് പ്രണാമം.
പാട്ടെഴുത്തിന് കവിത്വം വേണമെന്ന് നിശ്ചയം പറഞ്ഞ പുല്ലൂറ്റുപാടത്ത് ഭാസ്കരന്‍ എന്ന പി ഭാസ്കരന്‍ ഓര്‍മയായിട്ട് 18 വര്‍ഷം. അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ കവിത്വവും സമരാവേശവും പി ഭാസ്കരനെ പാട്ടുമൂളുന്ന മനസുകള്‍ക്ക് പ്രിയങ്കരനാക്കി
ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ കവിതയെഴുത്ത്, രാഷ്ട്രീയപ്രവര്‍ത്തനവും, സ്വാതന്ത്ര്യസമരപോരാട്ടവും, നാടുകടത്തല്‍ ശിക്ഷയും, പത്രപ്രവര്‍ത്തനവും ആകാശവാണിയിലെ ജോലിയും കടന്ന പൂര്‍വാശ്രമക്കാലം തന്നെ പറഞ്ഞാല്‍ തീരാത്ത അനുഭവസമ്പന്നതയാണ്. അപൂര്‍വസഹോദരങ്ങള്‍ എന്ന ബഹുഭാഷാ ചിത്രത്തിലെ ഒരു ഗാനത്തിന് നാലുവരി മലയാളത്തില്‍ എഴുതിത്തുടങ്ങിയ ചലച്ചിത്ര സപര്യ. പിന്നീട് നീലക്കുയിലില്‍ പുനഃപ്രതിഷ്ഠിക്കപ്പെട്ടുതുടങ്ങി രണ്ടായിരത്തി അഞ്ഞൂറിലേറെ ഭാസ്കര രചനകള്‍
കാല്‍പ്പനികതയ്ക്ക് ജനകീയത പകര്‍ത്തിക്കൊടുത്ത ഗാനരചനാകാലത്തിലേക്ക് തേര്തെളിച്ച എഴുത്തുകളായിരുന്നു ഭാസ്കരന്‍മാഷിന്‍റേത്. നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണത്തില്‍ കാട്ടിത്തന്ന ജനകീയത നാലഞ്ച് തുമ്പ കൊണ്ട് മാനത്ത് പൊന്നോണം തീര്‍ക്കുന്നതില്‍ കാല്പനികമാക്കി അദ്ദേഹം. എല്ലാരും ചൊല്ലണ്, കായലരികത്ത് വലയെറിഞ്ഞപ്പോ, കദളിവാഴക്കയ്യിലിരുന്ന്, ഒരു പുഷ്പം മാത്രമെന്‍,അല്ലിയാമ്പല്‍ കടവില്‍, എന്‍റെ സ്വപ്നത്തില്‍ താമരപ്പൊയ്കയില്‍, താമസമെന്തേ വരുവാന്‍, നീ മധുപകരൂ, തളിരിട്ട കിനാക്കള്‍, നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു, മാമലകള്‍ക്കപ്പുറത്ത്, അങ്ങനെ എണ്ണം പറഞ്ഞ എത്രയെത്ര പാട്ടുകള്‍.
സിനിമയുടെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു. പി ഭാസ്കരന്‍. സംവിധാനം, തൊട്ട് അഭിനയം വരെ. എങ്കിലും കണ്ണുനീര്‍ നട്ടുനനച്ച് വളര്‍ത്തിയ കല്‍ക്കണ്ടമാവിനെക്കുറിച്ച് അനിതരസുന്ദരമായി എഴുതാന്‍ മറ്റൊരു കവിയില്ലായിരുന്നു മലയാളസിനിമയില്‍. ജീവിതസായാഹ്നത്തില്‍ ഓര്‍മ ഇടക്കും തലക്കും പിണങ്ങിപ്പോയപ്പോള്‍ ആ താളുകളില്‍ താനെഴുതിയ വരികളൊന്നും ഭാസ്കരകവിയെ പുണര്‍ന്നില്ല. പക്ഷെ കാലമെത്ര തിരിഞ്ഞും മറിഞ്ഞും കടന്നാലും ഭാസ്കരഗാനങ്ങള്‍ ഉല്‍സവകല്ലോലം തീര്‍ത്ത മനസുകള്‍ക്ക് അദ്ദേഹത്തെ വിസ്മരിക്കാനാവില്ലല്ലോ. മലയാളിയുടെ പാട്ടോര്‍മകളുടെ കദളിവാഴക്കയ്യിലിരുന്ന് ഇന്നും വിരുന്നു വിളിക്കുന്നു ഭാസ്കരഗാനസംസ്കൃതി.